പൊന്നിയിന്‍ സെല്‍വനുശേഷം തമിഴില്‍ വീണ്ടും തിളങ്ങാന്‍ ജയറാം. പൊന്നിയിന്‍ സെല്‍വനില്‍ കാര്‍ത്തിക്കൊപ്പം തകര്‍ത്ത ജയറാം, ഇന്നു സൂര്യയ്‌ക്കൊപ്പമാണ് എത്തുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'റെട്രോ'യിലാണ് സൂര്യയുടെ വലംകയ്യായി ജയറാം എത്തുന്നത്. വേറിട്ട ഗെറ്റപ്പില്‍ മുറി മീശയുമായി എത്തുന്ന ജയറാമിന്റെ ലുക്കും വൈറലായിട്ടുണ്ട്.
പൂജാ ഹെഗ്‌ഡെ നായികയായെത്തുന്ന റെട്രോയില്‍ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം എന്നിവരും നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. മേയ് ഒന്നിന് റെട്രോ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.
ലവ്, ലോട്ടര്‍, വാര്‍ എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രം എണ്‍പതുകളുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2D എന്റര്‍ടൈന്‍മെന്റ്‌സും കാര്‍ത്തിക്ക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ് രാജ് ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ട്യനും കാര്‍ത്തികേയന്‍ സന്താനവുമാണ്.
കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. സംഗീതസംവിധാനം: സന്തോഷ് നാരായണന്‍, ഛായാഗ്രഹണം: ശ്രേയാസ് കൃഷ്ണ, എഡിറ്റിങ്: മുഹമ്മദ് ഷഫീഖ് അലി,കലാസംവിധാനം: ജാക്കി, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ , സ്റ്റണ്ട്: കേച്ച കംഫക്ദീ.