മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍. അച്ഛന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മക്കളായ ശ്രീലക്ഷ്മിയും പാര്‍വതിയും. ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് 6 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. 2012 മാര്‍ച്ച് മാസത്തില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തം ജഗതിയെ സിനിമയില്‍ നിന്ന് അകറ്റി. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.
മലയാള സിനിമയില്‍ അടൂര്‍ ഭാസിയും, ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി ശ്രീകുമാര്‍ എന്ന യുവാവ് സിനിമയില്‍ എത്തുന്നത്. സ്വാഭാവിക അഭിനയ ശൈലികൊണ്ട് ജഗതി വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടി. ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങളൊന്നും പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. കിലുക്കം, മിന്നാരം, മൂക്കില്ലാ രാജ്യത്ത്, പ്രാദേശിക വാര്‍ത്തകള്‍, മേലേപ്പറമ്പിലെ ആണ്‍വീട്, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ, അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപാത്രങ്ങള്‍ പ്രേക്ഷകരെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. ട്രോളുകള്‍ അരങ്ങുവാഴുന്ന ഈ കാലത്ത് ജഗതിയുടെ കഥാപാത്രങ്ങള്‍ ഇല്ലാതെ എന്ത് ആഘോഷം. ഇന്നും പ്രേക്ഷകര്‍ ഒറ്റ സ്വരത്തില്‍ പറയുന്നു, ജഗതിയ്ക്ക് തുല്യം ജഗതി മാത്രം