ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ കാളിദാസന്റെ നായികയായി എസ്തര്‍ അനില്‍.
മലയാളസിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച എസ്തര്‍ ഇപ്പോള്‍ നായികാനിരയിലെത്തിയിരിക്കുകയാണ്. നല്ലവന്‍ എന്ന ചിത്രത്തില്‍ മല്ലിയെന്ന ബാലതാരമായാണ് എസ്തര്‍ സിനിമയിലേക്കെത്തുന്നത്. ജിത്തു ജോസഫിന്റെ ദൃശ്യത്തിലൂടെ മോഹന്‍ലാലിന്റെ മകളായുള്ള കഥാപാത്രമാണ് എസ്തറിന്റെ കരിയറില്‍ ബ്രേക്ക് ആയത്. ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലിലെ ടോപ് സിംഗര്‍ റിയാലിറ്റി ഷോയുടെ അവതാരികയാണ്.
മഞ്്ജു വാര്യരും പ്രധാന കഥാപാത്രമായി എത്തുന്ന ജാക്ക ആന്‍ഡ് ജില്ലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സന്തോഷ് ശിവനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഇവര്‍ക്കു പുറമെ നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍ , ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്,രമേശ് പിഷാരടി തുടങ്ങി വന്‍താര നിരയും ചിത്രത്തിലുണ്ട്. സന്തോഷ് ശിവനുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് തന്റെ സ്വപ്നസാക്ഷാത്ക്കാരമാണ് എന്ന് കാളിദാസന്‍ ഈയടുത്ത് പറഞ്ഞിരുന്നു.
സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സിനിമയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നുകൂടിയാണിത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
'പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. ലൊക്കേഷനിലല്ലേയുള്ളത്. പിന്നെന്ത് ചെയ്യും? വളരെ നേരത്തെ കമിറ്റ് ചെയ്ത സിനിമയാണ്. എങ്കിലും ഷൂട്ടിംഗ് തുടങ്ങാന്‍ ഒരു വലിയ ഗ്യാപ്പ് വന്നു. അതിനിടയിലാണ് ഫ്ളവേഴ്സ് ചാനലില്‍ ഒരു അവതാരകയായി പോയത്. തൊട്ടുപിറകെ ഇവിടുന്നും വിളിയെത്തി. പരീക്ഷാസമയമായതിനാല്‍ ഒഴിവാക്കേണ്ടി വരുമെന്ന് വിചാരിച്ചതാണ്. പ്രശ്നം പ്രിന്‍സിപ്പളിന്റെ മുന്നില്‍ അവതരിപ്പിച്ചു. വല്ലപ്പോഴും കിട്ടുന്ന സുവര്‍ണ്ണാവസരങ്ങളല്ലേ, അതൊഴിവാക്കേണ്ടെന്ന് പ്രിന്‍സിപ്പലും പറഞ്ഞു. ആ ധൈര്യത്തിലാണ് ഇവിടെ വന്ന് അഭിനയിക്കാന്‍ തുടങ്ങിയത് ' നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്തര്‍ പറഞ്ഞു.
ഷാജി എന്‍. കരുണിന്റെ ഓള് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും എസ്തറാണ്. ഗോവന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇത്.