ജന്മദിനത്തില്‍ പുതിയ സിനിമയുടെ പോസ്റ്ററുമായി കുഞ്ചാക്കോ ബോബന്‍. മാര്‍ട്ടിന്‍ പ്രക്കാട്ടുമായി കുഞ്ചാക്കോ വീണ്ടും ഒന്നിക്കുന്ന ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയാവുന്നത്. രണ്ട് പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആദ്യ പോസ്റ്ററില്‍ പോലീസ് യൂണിഫോം, പുറകോട്ടു ചീകിയ മുടി, കട്ടിയുള്ള മീശ എന്നിവയുമായി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെ കാണാം. അതേസമയം ആറ് യുവാക്കളെയും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തെ പോസ്റ്ററില്‍, മറുവശത്ത്, കുഞ്ചാക്കോ ബോബന്‍ നായിക പ്രിയാ മണിയോടൊപ്പം റൊമാന്റിക് മൂഡിലുള്ള ലുക്കുമുണ്ട്.
നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനാണ് ജിത്തു അഷ്‌റഫ്. സൂപ്പര്‍ഹിറ്റ് ചിത്രം 'പ്രണയ വിലാസ'ത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്.
കണ്ണൂര്‍ സ്‌ക്വാഡിന്റെ സംവിധായകന്‍ റോബി വര്‍ഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മനോജ് കെ.യു., ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ചിത്രസംയോജനം: ചമന്‍ ചാക്കോ, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, സ്റ്റില്‍സ്: നിദാദ് കെ എന്‍.
48 ാം വയസിന്റെ നിറവിലാണ് ചാക്കോച്ചന്‍. മലയാള സിനിമ രംഗത്തെ നിരവധി പേര്‍ ആശംസയും പോസ്റ്റുകളൊക്കെയായി സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്. അതില്‍ രസകരമായ ഒരു ജന്മദിനാശംസ പങ്കുവച്ചിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി.
കരിയര്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടപ്പോഴും എത്രയോ സൂപ്പര്‍ ഹിറ്റുകളില്‍ നായകനായപ്പോഴും സിനിമാക്കാരന്‍ എന്ന തലക്കെട്ടിനു കീഴെ വരുന്ന ദുസ്വാതന്ത്ര്യങ്ങളൊന്നിലും കണ്ടിട്ടില്ലാത്ത കലാകാരന്‍. മാന്യതയ്‌ക്കൊക്കെ ഒരു മര്യാദ വേണ്ടേ? ഇന്ന് ചാക്കോച്ചനു പിറന്നാള്‍. എന്നാണ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.