കരിയറിലെ തിരക്കുകൾ മാറ്റി വെച്ച് കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്. ആദ്യമായി അമ്മയായ ഇല്യാന മാതൃത്വത്തിന്റെ സന്തോഷകരമായ കാലഘട്ടത്തെക്കുറിച്ചും വിഷമതകളെക്കുറിച്ചും ആരാധകരോട് തുറന്ന് സംസാരിക്കാറുണ്ട്. പോസ്റ്റ് പോർട്ടം ഡിപ്രഷനെ നേരിട്ടതിനെക്കുറിച്ച് അടുത്തിടെയാണ് ഇല്യാന സംസാരിച്ചത്. പങ്കാളി മൈക്കൽ ഡോളൻ നൽകുന്ന പിന്തുണയെക്കുറിച്ചും ഇല്യാന സംസാരിച്ചു. ഇല്യാന ഡിക്രൂസ് ഗർഭിണിയാണെന്ന വാർത്ത ആരാധകർക്ക് സർപ്രെെസായായിരുന്നു. തന്റെ വിവാഹം കഴിഞ്ഞെന്നോ പങ്കാളിയുണ്ടെന്നോ ഇല്യാന എവിടെയും പറഞ്ഞിരുന്നില്ല. പെട്ടെന്നൊരു ദിവസം ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ പല അഭ്യൂഹങ്ങളും വന്നു. ഇല്യാന സിംഗിൾ മദർ ആകാൻ തീരുമാനിച്ചതാണോ എന്ന ചോദ്യവും ഉയർന്നു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടി തന്റെ പങ്കാളി മൈക്കൽ ഡോളന്റെ ഫോട്ടോ പങ്കുവെച്ചു.
ചില ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഗർഭിണിയായ ശേഷമാണ് ഇല്യാന വിവാഹിതയായത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലാണ് കുഞ്ഞ് പിറന്നത്. കോ ഫീനിക്സ് ഡോലൻ എന്നാണ് മകന്റെ പേര്. മകനെക്കുറിച്ച് സംസാരിക്കുകയാണ് ഇല്യാനയിപ്പോൾ. പെൺകുഞ്ഞായിരിക്കും ജനിക്കുകയെന്ന് ഗർഭിണിയായിപ്പോൾ താനുറപ്പിച്ചിരുന്നെന്ന് ഇല്യാന പറയുന്നു. പെൺകുഞ്ഞായിരിക്കുമെന്ന് ഞാനുറപ്പിച്ചു. അതിനാൽ പെൺകുട്ടിക്കുള്ള പേരുകൾ മാത്രമാണ് ഞാൻ കണ്ടുവെച്ചിരുന്നത്. ഒരു ആൺകുട്ടിയുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ചില പേരുകൾ ബാക്കപ്പായി ആൺകുട്ടിക്ക് വേണ്ടി കണ്ട് വെക്കണോ എന്ന് ചിന്തിച്ചിരുന്നു. പക്ഷെ പെൺകുഞ്ഞായിരിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് ഇല്യാന പറയുന്നു. അതേസമയം ആൺ കുഞ്ഞാണ് ഇല്യാനയ്ക്ക് പിറന്നത്.
മകന് കോ ഫീനിക്സ് ഡോലൻ എന്ന പേര് നൽകിയതിനെക്കുറിച്ചും ഇല്യാന സംസാരിച്ചു. തന്റെ പേരിനെ പോലെ വ്യത്യസ്തമായ ഒരു പേര് മകന് നൽകണമെന്നായിരുന്നു ആഗ്രഹം. കോ എന്ന പേര് പറഞ്ഞപ്പോൾ മൈക്കലിനും ഇഷ്ടമായി. ചാരത്തിൽ നിന്നും ഫീനിക്സിനെ പോലെ ഉയരുന്ന എന്ന വാചകം പ്രചോദനകരമായിരുന്നു. അങ്ങനെയാണ് കോ ഫീനിക്സ് ഡോലൻ എന്ന പേര് നൽകിയതെന്ന് ഇല്യാന വ്യക്തമാക്കി. ഇല്യാന ഗർഭിണിയാകുന്നതിന് മുമ്പ് അഭിനയിച്ച ദോ ഓർ ദോ പ്യാർ എന്ന സിനിമ ഈ വർഷം റിലീസ് ചെയ്യും. ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ച് വരവിനെക്കുറിച്ചും ഇല്യാന സംസാരിച്ചു. വ്യക്തി ജീവിതത്തിനപ്പുറം 2024 തനിക്ക് കരിയറിലും പ്രധാനപ്പെട്ട വർഷമാണെന്ന് നടി പറയുന്നു. നേരത്തെ അഭിനയിച്ച പ്രൊജക്ടുകൾ റിലീസ് ചെയ്യാനുണ്ട്. ഗർഭിണിയാകുന്നതിന് മുമ്പ് പ്രൊജക്ടുകളെല്ലാം പൂർത്തിയാക്കിതാണ്.