മലയാള ചലചിത്ര മേഖലയില്‍ വമ്പന്‍ ഹിറ്റായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയ്ക്കെതിരേ നിയമയുദ്ധത്തിനൊരുങ്ങി വിഖ്യാത സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തില്‍ തന്റെ അനുമതി വാങ്ങാതെയാണ് 'കണ്‍മണി അന്‍പോട്' എന്ന ഗാനം ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.
1991-ല്‍ പുറത്തിറങ്ങിയ ഗുണ എന്ന ചിത്രത്തിലെ 'കണ്‍മണി അന്‍പോടു കാതലന്‍' എന്ന ഗാനമാണ് ചിത്രത്തിന്റെ പ്രധാന ഭാഗത്ത് ഉപയോഗിച്ചത്. അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചതിനാണ് മഞ്ഞുമ്മല്‍ ബോയ്സ് ഫിലിം പ്രൊഡക്ഷന്‍ കമ്പനിക്ക് നോട്ടീസയച്ചത്. ഇളയരാജയ്ക്ക് വേണ്ടി അഭിഭാഷകന്‍ ശരവണനാണ് നോട്ടീസ് അയച്ചത്.ഗാനം ഉള്‍പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കി.
15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. പകര്‍പ്പവകാശ ലംഘനം നടത്തിയെന്നാണ് വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
നേരത്തെ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഗൂഢാലോചന,? വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചു നല്‍കിയ കേസിലെ തുടര്‍നടപടികള്‍ കോടതി സ്റ്റേ ചെയ്തിരുന്നു. നിര്‍മ്മാതാക്കളായ പറവ നിര്‍മ്മാണ കമ്പനിയുടെ പാര്‍ട്ണര്‍ ബാബു ഷാഹിര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ സൗബിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു.
സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്ന് ആരോപിച്ച് സിറാജ് വലിയതറയിലിന്റെ പരാതിയിലായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തത്. 200 കോടിയോളം രൂപ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വന്‍സ്വീകാര്യത നേടിയിരുന്നു.