Latest News

ഐ.എഫ്.എഫ്.കെ-2023ന്റെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി; നടി വിന്‍സി അലോഷ്യസ് ആദ്യ പാസ് ഏറ്റുവാങ്ങി: ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ തുറന്നു

Malayalilife
ഐ.എഫ്.എഫ്.കെ-2023ന്റെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി; നടി വിന്‍സി അലോഷ്യസ് ആദ്യ പാസ് ഏറ്റുവാങ്ങി: ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ തുറന്നു

ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2023ന്റെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ തുറന്ന ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിച്ചു. 2022ലെ മികച്ച നടിക്കുള്ള സംസ്ഥാന സിനിമ പുരസ്‌കാര ജേതാവുകൂടിയായ നടി വിന്‍സി അലോഷ്യസ് ആദ്യ പാസ്  സംവിധായകന്‍ ശ്യാമ പ്രസാദില്‍ നിന്ന് ഏറ്റുവാങ്ങി.

രാജ്യാന്തര ചലചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് ലഭിച്ചത് തനിക്കു കിട്ടിയ രണ്ടാമത്തെ പുരസ്‌കാരമാണെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു. യുദ്ധത്തിനും അക്രമങ്ങള്‍ക്കുമെതിരെ കല കൊണ്ടു പ്രതിരോധം സൃഷ്ടിക്കാന്‍ പാകത്തിനുള്ള നിരവധി ചിത്രങ്ങള്‍ 28-ാമത് ഐ.എഫ്.എഫ്.കെയിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ ചലച്ചിത്രമേള കാലഘട്ടത്തിന് അനുയോജ്യമാണെന്നും ഡിലെഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്ത മേയര്‍ പറഞ്ഞു. കേരളത്തിലെ യുവ തലമുറയുടെ സിനിമാസ്വാദനത്തിനെയും അഭിരുചികളെയും കേരള രാജ്യാന്തര ചലച്ചിത്ര മേള വലിയ രീതിയില്‍ സ്വാധീനിക്കുകയും മലയാള സിനിമയ്ക്കുണ്ടായിട്ടുള്ള നവ തരംഗത്തിന് കാരണമാകുകയും ചെയ്‌തെന്നു സംവിധായകന്‍ ശ്യാമ പ്രസാദ് അഭിപ്രായപ്പെട്ടു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്രമേളയുടെ ക്യൂറേറ്റര്‍ ഗോള്‍ഡ സെല്ലം, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, സെക്രട്ടറി സി. അജോയ്, എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗം പ്രകാശ് ശ്രീധര്‍, ഡെലിഗേറ്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. മോഹന്‍ കുമാര്‍, ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷാജി എന്നിവര്‍ പ്രസംഗിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അംഗങ്ങളുടെ സംഗീത പരിപാടിയും അരങ്ങേറി.

Read more topics: # ഐ.എഫ്.എഫ്.കെ
iffk 2023 deligate pass

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES