Latest News

കന്നഡ അരങ്ങേറ്റം കുറിച്ച് ഹിഷാം അബ്ദുള്‍ വഹാബ്; ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് - ശ്രീനിവാസ് രാജു ചിത്രം ആരംഭിച്ചു

Malayalilife
 കന്നഡ അരങ്ങേറ്റം കുറിച്ച് ഹിഷാം അബ്ദുള്‍ വഹാബ്; ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് - ശ്രീനിവാസ് രാജു ചിത്രം ആരംഭിച്ചു

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തന്റെ സംഗീതം കൊണ്ട് തരംഗമായി മാറിയ മലയാളി സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് കന്നഡ സിനിമയിലും അരങ്ങേറ്റം കുറിക്കുന്നു. കന്നഡ താരം ഗോര്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനാവുന്ന ഈ ചിത്രം ഒരുക്കുന്നത് ശ്രീനിവാസ് രാജുവാണ്. ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ദേവിക ഭട്ട് ആണ് നായികയായി എത്തുന്നത്. ഇപ്പൊള്‍ മൈസൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച മൈസൂരില്‍ വെച്ച് നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങില്‍ ഭാര്യ ഐഷത്ത് സഫയോടൊപ്പം ഹിഷാം അബ്ദുള്‍ വഹാബും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പൊള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കന്നഡയിലെ ഏറ്റവും ലാഭം നേടിയ ചിത്രമായ 'കൃഷ്ണം പ്രണയ സഖി' ക്ക് ശേഷം ഗോര്‍ഡന്‍ സ്റ്റാര്‍ ഗണേഷും ശ്രീനിവാസ് രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബ്ലോക്ബസ്റ്റര്‍ ഹിറ്റായ 'കൃഷ്ണം പ്രണയ സഖി' 125 ദിവസത്തോളം പ്രദര്‍ശിപ്പിച്ച് വലിയ പ്രേക്ഷക - നിരൂപക പ്രശംസ നേടിയിരുന്നു.

മലയാളത്തില്‍ വിനീത് ശ്രീനിവാസന്‍ ഒരുക്കിയ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലൂടെ ശ്രദ്ധ നേടിയ ഹിഷാം, ഹൃദയത്തിലെ ട്രെന്‍ഡിങ് ഗാനങ്ങളിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടി. തെലുങ്കില്‍, വിജയ് ദേവരക്കൊണ്ട  ചിത്രം 'കുഷി', നാനി ചിത്രം 'ഹായ് നാനാ' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ഹിഷാം അവിടെയും ഇപ്പൊള്‍ തിരക്കേറിയ സംഗീത സംവിധായകനാണ്. അടുത്തിടെ എത്തിയ ജിയോ ഹോട്ട് സ്റ്റാര്‍ വെബ് സീരീസ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ന് വേണ്ടിയും ഹിഷാം ഒരുക്കിയ സംഗീതം വന്‍ ഹിറ്റായി മാറിയിരുന്നു. തമിഴില്‍ 'മാമന്‍' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹിഷാം, 'വണ്‍സ് മോര്‍' എന്ന അര്‍ജുന്‍ ദാസ് ചിത്രത്തിനായി ഒരുക്കിയ 'വാ കണ്ണമ്മ' എന്ന ഗാനവും വന്‍ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രമാണ് ഹിഷാം സംഗീതമൊരുക്കി ഇനി റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം.


കെവിസി പ്രൊഡക്ഷന്‍സിന്റെ പിന്തുണയോടെ, സമൃദ്ധി മഞ്ജുനാഥ് നിര്‍മ്മിച്ച്, വിരാട് സായ് ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഹിഷാമിന്റെ കന്നഡ ചിത്രം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഒരു റൊമാന്റിക് ഫാമിലി ഡ്രാമ ആയാണ് ഒരുക്കുന്നത്. വെങ്കട്ട് പ്രസാദ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചത് വിജയ് ഈശ്വര്‍, ക്രാന്തി കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തില്‍ രണ്ടു നായികമാരാണ് ഉള്ളത്.

hesham abdul wahab makes kannada

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES