പൃഥ്വിരാജ്-ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയില്‍ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പുകളും എത്തിയിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന താരവുമായ പൃഥ്വിരാജ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് പൃഥ്വിയുടെ പ്രതികരണം.
'തീയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കേരള പോലീസിന്റെ സൈബര്‍ വിഭാഗം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈറേറ്റഡ് കോപ്പി, സിനിമയുടെ പ്രധാന ഭാഗങ്ങള്‍ എന്നിവ കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. സിനിമ നിര്‍മ്മിക്കുന്നതിന് വേണ്ടി വന്ന കഠിനാധ്വാനവും സര്‍ഗ്ഗാത്മകതയും സംരക്ഷിക്കാന്‍ കൂടെ നില്‍ക്കുക, സഹകരിക്കുക' - കുറിപ്പ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ടാണ് ഈ നേട്ടം. കേരളത്തില്‍ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് ആദ്യദിന കളക്ഷന്‍.
അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.