കെഎല്‍ 10 പത്തി'ന് ശേഷം മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന 'ഗ്രേഷ്യസ് എല്‍ ക്ലാസ്സിക്കോ' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവില്‍ നടന്ന ആവേശകരമായ റയല്‍ മാഡ്രിഡ് - ബാഴ്സലോണ എല്‍ ക്ലാസിക്കോ മത്സരത്തിനിടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ടൊവിനോ തോമസും നസ്രിയ നസീമും ചേര്‍ന്ന് സ്റ്റേഡിയത്തില്‍ നിന്ന് തത്സമയമായാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. സ്പാനിഷ് ലാ ലിഗയിലെ നിര്‍ണ്ണായക പോരാട്ടത്തിന്റെ കിക്കോഫ് സമയത്ത് തന്നെ ഒരു മലയാള സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നടന്ന് എന്ന അപൂര്‍വ്വതയും ഈ സംഭവത്തിനുണ്ട്.
സ്പാനിഷ് സമയം രാത്രി 9-നും ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30-നുമാണ് താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ തത്സമയം പോസ്റ്റര്‍ പങ്കുവെച്ചത്. ലാ ലിഗയിലെ നിര്‍ണ്ണായക പോരാട്ടത്തിനിടെ ഒരു മലയാള സിനിമയുടെ പ്രഖ്യാപനം നടക്കുന്നു എന്നത് സിനിമാ-കായിക പ്രേമികളെ ഒരുപോലെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ഇതിനായി ടൊവിനോയും നസ്രിയയും നേരത്തെ തന്നെ ബാഴ്സലോണയില്‍ എത്തിയിരുന്നു.
സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഫുട്‌ബോളിന് ഏറെ പ്രാധാന്യമുള്ള മലബാറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമകള്‍ക്ക് ശേഷം മുഹ്സിന്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.
എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷന്‍സ്, ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ബാബുഏട്ടന്‍ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണോ അതോ പ്രണയകഥയാണോ 'ഗ്രേഷ്യസ് എല്‍ ക്ലാസ്സിക്കോ' എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍. നസ്രിയ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.