ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണം നേരിട്ടിരുന്നു.നാല് വര്‍ഷം മുമ്പ് നടി പറഞ്ഞ ചില കാര്യങ്ങളുടെ പേരിലായിരുന്നു ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയും നടിയെ ആക്രമിച്ചത്.
'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ, കൊടുക്കൂല'- എന്നായിരുന്നു നടി അന്ന് പറഞ്ഞത്. ഇതിന്റെ പേരിലായിരുന്നു സൈബറാക്രമണം. നടിക്കെതിരെയുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് ഇപ്പോള്‍.
നിമിഷയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ടെന്ന് ഗോകുല്‍ സുരേഷ് പ്രതികരിച്ചു. അതോടൊപ്പം തന്നെ സഹപ്രവര്‍ത്തകനാണെന്ന് പോലും ഓര്‍ക്കാതെയാണ് അച്ഛനെക്കുറിച്ച് നിമിഷ അന്ന് അങ്ങനെ പറഞ്ഞതെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
നിമിഷ അന്ന് പറഞ്ഞത് ഗോകുല്‍ കേട്ടിരുന്നോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'നിമിഷ അത് പറഞ്ഞപ്പോള്‍ മാദ്ധ്യമങ്ങള്‍ വൈറലാക്കിയതും ഞാന്‍ കണ്ടിരുന്നു. തിരിച്ച് അതേപോലെ നടക്കുന്നു. ഇതുകാരണം നിമിഷ വിഷമിക്കുന്നുണ്ടെങ്കില്‍ എനിക്കോ അച്ഛനോ അതൊട്ടും സുഖമുള്ള കാര്യമല്ല, സന്തോഷം കൂടുതല്‍ തരുന്നുമില്ല. ഒരുപക്ഷേ അന്ന് അത് പറഞ്ഞപ്പോള്‍ നിമിഷയ്ക്ക് സന്തോഷമായിരിക്കാം. അത് ആളുകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടും മനസുമാണ്. എന്റെ അച്ഛന്‍ നിമിഷയെ വെറുക്കുകയോ മോശമായി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.
അന്ന് നിമിഷയ്ക്ക് അങ്ങനെ പറയാന്‍ തോന്നി. എന്നാല്‍ ഇന്ന് നിമിഷയ്ക്കെതിരെ ഇങ്ങനെ വീഡിയോ വരുമ്പോള്‍ എന്റെ അച്ഛന്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്തിനാ ആള്‍ക്കാര്‍ ആ കുട്ടിയെ ഇങ്ങനെ ചെയ്യുന്നതെന്നാണ് എന്റെ അച്ഛന്റെ ചോദ്യം. മനസിലായില്ലേ,'- ഗോകുല്‍ പറഞ്ഞു.
'ആ നടി അത് പറഞ്ഞതിന് ശേഷം ഇത്രയും വര്‍ഷമായില്ലേ. പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവര്‍ക്ക് അപ്പോള്‍ ഇല്ലായിരുന്നു. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ', ഗോകുല്‍ പറഞ്ഞു.
സുരേഷ് ഗോപിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ചും താരം സംസാരിച്ചു. സമൂഹ മാധ്യമങ്ങള്‍ തന്നെയാണ് അച്ഛനെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയനാക്കിയിട്ടുള്ളത്. അതിനെയൊക്കെ മറികടന്ന് അച്ഛന്‍ ഇവിടെ വരെ എത്തി. ജനങ്ങളെ സേവിക്കുക എന്നത് അച്ഛന്റെ കാഴ്ച്ചപ്പാടാണ്. ആ നിലയ്ക്ക് കേന്ദ്രമന്ത്രിയായാലും നല്ലത്. ആയില്ലെങ്കിലും അച്ഛനെ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അത് ചെയ്യും. എന്തായാലും നല്ലത് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അത് കാണാന്‍ പറ്റും. അച്ഛനില്‍ നിന്ന് ഒരു അബദ്ധമോ മോശമോ നടക്കുമ്പോള്‍ അത് പ്രദര്‍ശിപ്പിക്കാന്‍ കാണിക്കുന്ന അതേ വ്യഗ്രത നല്ലത് ചെയ്യുമ്പോഴും ഉണ്ടാകണം'-ഗോകുല്‍ പറഞ്ഞു.