55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബറില്‍ നടക്കും. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. 25 ഫീച്ചര്‍ ചിത്രങ്ങളും 20 നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുക. രണ്‍ദീപ് ഹൂഡ സംവിധാനംചെയ്ത് നായകനായി അഭിനയിച്ച സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ ആണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടനചിത്രം.
384 ചിത്രങ്ങളില്‍ നിന്നാണ് ഫീച്ചര്‍ വിഭാഗത്തിലെ 25 സിനിമകള്‍ തിരഞ്ഞെടുത്തത്. 262 സിനിമകളില്‍ നിന്നുമാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
മലയാളത്തില്‍നിന്ന് നാല് ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്സ്, ഭ്രമയുഗം, ലെവല്‍ക്രോസ് എന്നിവയാണ് ഇന്ത്യന്‍ പനോരമയിലെ ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
തമിഴില്‍നിന്ന് ജിഗര്‍തണ്ട ഡബിള്‍ എക്ം തെലുങ്കില്‍നിന്ന് കല്‍ക്കി 2898 എ.ഡി എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. മുഖ്യധാരാ സിനിമാ വിഭാഗത്തിലാണ് മഞ്ഞുമ്മല്‍ ബോയ്‌സും കല്‍ക്കിയും ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളില്ല. നടന്‍ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അംഗങ്ങളാണ് ഇന്ത്യന്‍ പനോരമ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ സിനിമകള്‍ തിരഞ്ഞെടുത്തത്.