മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. സുബ്രഹ്മണ്യപുരം ചിത്രത്തിലെ കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഒറ്റ ഗാനത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ താരം ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് വേഷമിട്ടത്. മലയാളത്തിലും താരം മുഖം കാണിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായിട്ടെത്തിയ ആമേന്‍ എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴിച്ചവെച്ചത്. പിന്നീട് നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലും ഫഹദിന്റെ നായികയായി സ്വതി എത്തി. ആട്, തൃശ്ശൂര്‍ പൂരം എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഒരു പ്രവൃത്തി ആരാധകരില്‍ സംശയം സൃഷ്ടിച്ചിരിക്കുകയാണ്. ആരാധകരുടെ സംശയങ്ങള്‍ താരം തന്നെ മാറ്റി കൊടുക്കുകയും ചെയ്തു.
ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും താരം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതിനുള്ള കാരണം തിരക്കി ആരാധകര്‍ എത്തി. എന്നാല്‍ താരം ചിത്രങ്ങള്‍ നീക്കം ചെയ്തത് ഭര്‍ത്താവില്‍ നിന്ന് നടി വിവാഹമോചനത്തിന് ഒരുങ്ങുന്നത് കൊണ്ടാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. ആരാധകര്‍ കാരണം കണ്ടെത്തിയതിന് പിന്നാലെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. എന്നാല്‍ വിവാഹ മോചനത്തിനൊരുങ്ങുന്നു എന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടി സ്വാതി റെഡ്ഡി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്താണ് ഊഹാപോഹങ്ങള്‍ക്ക് നടി വിരാമമിട്ടത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവിലേക്ക് മാറ്റിയതായാണ് പുതിയ വിഡിയോയില്‍ കാണിക്കുന്നത്. 2012ല്‍ ഇന്‍സ്റ്റഗ്രാമില്‍ ആദ്യം അപ്ലോഡ് ചെയ്ത ഫോട്ടോ അടക്കം ആര്‍കൈവിലേക്ക് മാറ്റിയിരിക്കുന്നത് നടി വിഡിയോയിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുന്നുണ്ട്. 'ഹാരിപോര്‍ട്ടര്‍' സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണമായിട്ടാണ് വിഡിയോയുടെ അടിക്കുറിപ്പ്.
'കം ആന്‍ഡ് ഗോ റൂം, ഈ മുറിക്കുള്ളില്‍ ആവശ്യമുള്ളപ്പോള്‍ മാത്രമാണ് കയറാന്‍ സാധിക്കുക. നമ്മുടെ സാധനങ്ങളൊക്കെ അവിടെ തന്നെ ഉണ്ടാകും. ചിലപ്പോള്‍ ഉണ്ടാകില്ല. കയറുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ച് റൂമിലുള്ള സാധനങ്ങള്‍ പ്രത്യക്ഷപ്പെടും'.സ്വാതി കുറിച്ചു. 2018 ലായിരുന്നു സ്വാതി പൈലറ്റായ വികാസ് വാസുവിനെ വിവാഹം ചെയ്തത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്.