സോഷ്യല്‍മീഡിയയില്‍ സജീവമായ നടിമാര്‍ ആരാധകരുടെ പ്രിയപ്പെട്ടവരാണെങ്കിലും എതെങ്കിലും ഗ്ലാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ആരാധകര്‍ക്ക് സഹിക്കാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയയിലൂടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന താരങ്ങള്‍ക്കെതിരെ അശ്ലീല കമന്റുകളും വിമര്‍ശനങ്ങളുമായി രംഗത്ത് വരുന്നവരുണ്ട്. അത്തരക്കാരുടെ അക്രമങ്ങള്‍ നേരിട്ട നിരവധി നടിമാരുണ്ട്. ഇപ്പോഴിതാ മോഡലും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമായ അലാനാ പാണ്ഡെയും അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ്. ദിവസവും തനിക്ക് ഇത്തരക്കാരുടെ അതിക്രമം നേരിടേണ്ടി വരുന്നതായി താരം പറയുന്നു. ബിക്കിനി ധരിച്ച ചിത്രം പങ്കുവച്ചതിന്റെ പേരില്‍ കേട്ട ക്രൂരവിമര്ശനങ്ങളെക്കുറിച്ചാണ് അലാനാ പങ്കുവെക്കുന്നത്.
അലാന പങ്കുവച്ച ബിക്കിനി ചിത്രത്തിനായിരുന്നു മോശം കമന്റുമായൊരു സ്ത്രീയെത്തിയത്. ബിക്കിനി ധരിച്ചു നില്ക്കുന്ന താന്‍ കൂട്ടബലാല്‍സംഗമാണ് അര്‍ഹിക്കുന്നതെന്നായിരുന്നു അവരുടെ കമന്റ് എന്ന് അലാന പറയുന്നു. കൂടാതെ തന്റെ ചിത്രങ്ങള്‍ അച്ഛനും അമ്മയും കാണണം എന്ന ഉദ്ദേശത്തോടെ അവരെ ടാഗ് ചെയ്യുകയും ചെയ്തതായി താരം പറയുന്നു. കമന്റ് കണ്ടതും താന്‍ ഭയന്നു പോയെന്നും അവരെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും അലാന പറയുന്നു.
വെപ്രാളത്തില്‍ കമന്റ് ഡിലീറ്റ് ചെയ്തു പോയതിനാല്‍ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിച്ചില്ല. ആ സ്ത്രീയുടെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ അവര്‍ വിവാഹിതയും ഒരു മകളുടെ അമ്മയാണെന്നും മനസിലായി. മറ്റൊരാളുടെ കുട്ടിക്ക് അങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കാന്‍ എങ്ങനെയാണ് അവര്‍ക്ക് കഴിയുന്നതെന്ന് അലാന ചോദിക്കുന്നു.
അവരുടെ ബയോയില്‍ നിന്നും അവരൊരു ഡോക്ടറോ നഴ്സോ ആണെന്നാണ് മനസിലാകുന്നത്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ പോലും ഇതുപോലെ സംസാരിക്കുമ്പോള്‍ വിഷമമുണ്ടെന്നും അലാന പറഞ്ഞു. മെലിഞ്ഞിരിക്കുന്നതിനേയും പലരും പരിഹസിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. താന്‍ വണ്ണം കുറഞ്ഞിരിക്കുന്നുവെന്നു കളിയാക്കുന്നവരുണ്ട്. താന്‍ പെര്ഫെക്റ്റല്ലെന്നും എങ്കിലും തന്റെ ശരീരത്തെ സ്നേഹിക്കുന്നുവെന്നും അലാന പറഞ്ഞു. സ്ത്രീകളെ ബോഡിഷെയിമിങ് ചെയ്യുന്നത് അവസാനിപ്പിക്കൂ എന്നും താരം പറയുന്നു.
അതേസമയം അലാനയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ ബിപാഷ ബസു, എലി അവ്രം തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. മോശം കമന്റുകളെ ഉള്ളിലേക്ക് എടുക്കരുതെന്നും നീയെന്താണെന്ന് തീരുമാനിക്കുന്നത് അവരല്ലെന്നും താരങ്ങള്‍ പറയുന്നു.