ഒരുപാട് കാലത്തിനു ശേഷം തന്റെ ഒരു ചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി യുവനായകന്‍ ടൊവീനോ തോമസ്. അടുത്ത കാലത്തിറങ്ങിയ ടൊവീനോ ചിത്രങ്ങളില്‍ എല്ലാം ചുംബനരംഗങ്ങള്‍ ഉണ്ടായിരുന്നതിന്റെ അടിസ്ഥാനത്തില്‍ 'യു' കിട്ടാതെ പോയിരുന്നു. ക്രിസ്മസ് റിലീസ് ആയ 'എന്റെ ഉമ്മാന്റെ പേരി'ന് ക്ലീന്‍ 'യു' കിട്ടയതിന്റെ സന്തോഷത്തിലാണ് താരം. 'അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ 'ഡ' സര്‍ട്ടിഫിക്കറ്റ് , ഈ പടത്തിലും ഉമ്മ ഉണ്ട് ! പക്ഷെ 'ചുംബനം' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' അല്ല , 'അമ്മ' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ, അപ്പൊ ഡേറ്റ് മറക്കണ്ട, ഡിസംബര്‍ 21!,' ടൊവീനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന 'എന്റെ ഉമ്മാന്റെ പേര്' ഡിസംബര്‍ 21ന് റിലീസ് ചെയ്യും. ജോസ് സെബാസ്റ്റ്യനും ശരത് ആര്‍.നാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഹമീദ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിക്കുന്നത്. ടൊവിനോയുടെ കഥാപാത്രത്തിന്റെ ഉമ്മയായി ഉര്‍വ്വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സിനിമയുടെ ടൈറ്റിലില്‍ മാത്രമല്ല, സിനിമയിലും ശ്രദ്ധേയമായൊരു റോള്‍ തന്നെയാണ് ഉര്‍വ്വശിക്കെന്ന വാര്‍ത്തകളാണ് ലഭിക്കുന്നത്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുകയാണ് ചിത്രം.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസായിരുന്നു. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറും എഡിറ്റിങ് മഹേഷ് നാരായണനും നിര്‍വ്വഹിക്കുന്നു. സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫും സി.ആര്‍.സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം. കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. മലയാളം കണ്ട എക്കാലത്തെയും മികച്ച നടിയായ ഉര്‍വ്വശിയും യുവതാരം ടോവീനോയും ചേരുന്ന മാജിക്കിനായി കാത്തിരിക്കുകയാണു പ്രേക്ഷകര്‍.