ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സെല്‍വമണി സെല്‍വരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയോട് അനുബന്ധിച്ചാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്.
2012 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ ഈ വ്യവസായത്തില്‍ അജയ്യമായ സാന്നിധ്യമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ അഭിനയ വൈദഗ്ധ്യത്തിനും കലയോടുള്ള അര്‍പ്പണബോധത്തിനും പ്രശംസ നേടിയ ദുല്‍ഖര്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, കണ്ണും കണ്ണും കൊള്ളയടിത്താല്‍, ഓ കാതല്‍ കണ്‍മണി, മഹാനടി, കുറുപ്പ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലൂടെയും, സീതാ രാമം, ലക്കിഭാസ്‌കര്‍ തുടങ്ങിയ സമീപകാല വന്‍ വിജയങ്ങളിലൂടെയും സിനിമാ വ്യവസായത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ വിജയങ്ങളും കരിയറില്‍ നേടിയ വലിയ വളര്‍ച്ചയുമെല്ലാം കഥപറച്ചിലിനോടുള്ള ദുല്‍ഖര്‍ സല്‍മാന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ കൂടി തെളിവാണ്.
രണ്ട് ശ്രദ്ധേയമായ നിര്‍മ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛന്‍ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ട് പോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നയിക്കുന്ന വേഫെയറര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രത്തെ യാഥാര്‍ഥ്യമാക്കി തീര്‍ക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഒരു നൂറ്റാണ്ടിലേറെയുള്ള ഈ കൂട്ടായ പാരമ്പര്യം ഒരുമിച്ചു ചേര്‍ന്ന്, അവരുടെ അതിശയകരമായ കഴിവിലൂടെ കാന്ത എന്ന അവിസ്മരണീയമായ ഒരു ചലച്ചിത്ര കാഴ്ച വാഗ്ദാനം ചെയ്യുന്നു. അതിശയിപ്പിക്കുന്ന രൂപകല്‍പ്പനയും പ്രചോദനാത്മകമായ ഇമേജറിയും കഥാപാത്രങ്ങളും പ്രമേയങ്ങളും ഉപയോഗിച്ച് പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം വര്‍ധിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും കൂടുതല്‍ വിശദാംശങ്ങളും വരും മാസങ്ങളില്‍ വെളിപ്പെടുത്തും.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയില്‍ മികച്ച പ്രകടനത്തിന് അവസരം നല്‍കുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിരുന്നു.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി