ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം വേറിട്ട കഥയാണെന്ന് സംവിധായകൻ ജിത്തു ജോസഫും നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും തിരുവനന്തപുരം നാലാം ജില്ലാ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി ദ്യശ്യം സിനിമയുടെ രണ്ടാം ഭാഗത്തിൻ്റെ ഷൂട്ടിംഗും സിനിമയുടെ റിലീസിംഗും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഇൻജംഗ്ഷൻ ഹർജി തീർപ്പാക്കി. പകർപ്പവകാശ ലംഘനവും കഥാ മോഷണവും ആരോപിച്ചുള്ള 12 കോടി രൂപയുടെ നഷ്ടപരിഹാര കേസ് കോടതി ഒക്ടോബർ 22 ന് വീണ്ടും പരിഗണിക്കും.
മോളിവുഡ് സിനിമ ദൃശ്യത്തിൻ്റെ സംവിധായകൻ തൃപ്പൂണിത്തുറ കുരീക്കാട് വലിയ കണ്ടത്തിൽ വീട്ടിൽ താമസം ജിത്തു ജോസഫ്, സിനിമാ നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ , കരമന ഗ്രാൻ്റ് ചോയ്സ് മോട്ടോഴ്സ് സെയിൽസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.അശോക് കുമാർ , സംവിധായകനായ പേട്ട പാൽക്കുളങ്ങര സ്വദേശി വിജി തമ്പി , നടൻ മോഹൻലാലിൻ്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സിനിമാ വിതരണ കമ്പനിയായ മാക്സ് ലാബ് സിനിമാസ് ആൻ്റ് എൻ്റർടെയ്ൻമെൻറ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നിവരാണ് നഷ്ടപരിഹാര കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ.
കഥാകൃത്തായ പേരൂർക്കട സ്വദേശി പി.എസ്.ശശിഭൂഷൺ അഡ്വ: നെയ്യാറ്റിൻകര. പി. നാഗരാജ് മുഖേന നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സിവിൾ നടപടി ക്രമത്തിലെ ഓർഡർ 39 ചട്ടം 1 പ്രകാരമുള്ള ഇൻ ജംഗ്ഷൻ ഹർജിയാണ് കോടതി പരിഗണിച്ചത്. തൻ്റെ കഥാ - തിരക്കഥാ സമാഹാരമായ മഹാരാജൻ , 2011 ആഗസ്റ്റിൽ നമ്മുടെ കേരളം എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച കൃഷിക്കാരൻ എന്ന ചെറുകഥ എന്നിവയിലെ കഥ, തിരക്കഥ, സംഭാഷണം എന്നിവ മോഷ്ടിച്ചാണ് ദൃശ്യം സിനിമ നിർമ്മിച്ച് 50 കോടി രൂപക്ക് മേൽ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോഡ് ഭേദിച്ച മോളിവുഡ് സിനിമ ദൃശ്യം 2014 ൽ നിർമ്മിച്ചത്. തൻ്റെ കഥ വായിച്ചു നോക്കിയ ശേഷം മറുപടി പറയാമെന്നും പ്രതിഫലം നൽകാമെന്നും വാഗ്ദാനം ചെയ്ത പ്രതികൾ വാക്കുപാലിച്ചില്ല. തുടർന്ന് കഥാസമാഹാരം തിരികേ
നൽകണമെന്നാവശ്യപ്പെട്ട് പ്രതികൾക്കയച്ച നോട്ടീസുകൾ 2011 ഒക്ടോബർ 19 ലും നവംബർ 19നും പ്രതികൾ കൈപ്പറ്റിയിട്ടും കഥ തിരികേ തരികയോ മറുപടി നോട്ടീസയക്കുകയോ ചെയ്തിട്ടില്ലായെന്നും ജില്ലാ കോടതിയിൽ സമർപ്പിച്ച അന്യായത്തിൽ പറയുന്നു.
2014 ജനുവരി 22 ന് പ്രസിദ്ധീകരിച്ച ബിഗ് എന്ന സായാഹ്ന വാർത്താ പത്രത്തിലെ ഒമ്പതാം പേജിൽ ജിത്തു ജോസഫ് താൻ സംവിധാനം ചെയ്ത മൈ ബോസ് എന്ന മലയാള ചലച്ചിത്രത്തിൽ പല ഇംഗ്ലീഷ് സിനിമകളിലെയും രംഗങ്ങൾ കോപ്പിയടിച്ചുള്ളതായുള്ള ജിത്തു ജോസഫിൻ്റെ സമ്മത പ്രസ്താവനയുണ്ട്. ഇത് പ്രതിയുടെ തിരക്കഥ മോഷണ സ്വഭാവം തെളിയിക്കുന്നതായി അന്യായത്തിൽ പറയുന്നു. കൂടാതെ ദൃശ്യത്തിലെ ലൊക്കേഷൻ പ്പോട്ടുകൾ 2008 ലെ ജാപ്പനീസ് സിനിമയായ സസ്പെക്റ്റ് എക്സ് എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെറ്റ് രൂപീകരിച്ചതെന്ന ആരോപണവും നിലനിൽക്കുന്നതായി അന്യായത്തിൽ ശശിഭൂഷൺ ആരോപിക്കുന്നു. കിയാഗോ ഹിഗാഷിനോ എഴുതിയ ' ദി ഡിവോഷൻ ഓഫ് സസ്പെക്റ്റ് എക്സ് ' എന്ന നോവലിൽ നിന്നാണ് ആ സിനിമ നിർമ്മിച്ചത്. കൂടാതെ ദൃശ്യത്തിൻ്റെ ആദ്യ പകുതിയിലെ ഭാഗങ്ങൾ 1992ലെ നോവലായ അമേരിക്കൻ എഴുത്തുകാരൻ റോസെല്ലർ ബ്രൗണിൻ്റെ ബിഫോർ ആൻറ് ആഫ്റ്റർ എന്ന കഥയെ അടിസ്ഥാനമാക്കി 1996 ൽ നിർമ്മിച്ച ' ബിഫോർ ആൻ്റ് ആഫ്റ്റർ ' എന്ന സിനിമയിലെ രംഗങ്ങളുമായി സാമ്യതയുള്ളതായി ആരോപണമുണ്ട്. ഇവയെല്ലാം ജിത്തു ജോസഫിൻ്റെ കാവ്യചോരണ സ്വഭാവം വെളിവാക്കുന്നതായി അന്യായത്തിൽ വാദി ചൂണ്ടിക്കാട്ടുന്നു. മോഹൻലാലിൻ്റെ അറുപതാം പിറന്നാൾ ദിനത്തിലാണ് ദ്യശ്യം-2 ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പുറത്ത് വന്നത്. 1957ലെ പകർപ്പവകാശ നിയമത്തിലെ വകുപ്പുകളായ 55 , 62 പ്രകാരവും സിവിൽ നടപടി കോഡിലെ വകുപ്പ് 26 , ഓർഡർ lV , VI , VII റൂൾ 1 പ്രകാരം വിധിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ജില്ലാ കോടതിയിൽ നഷ്ട പരിഹാര കേസ് ഫയൽ ചെയ്തിരിക്കുന്നത്.