Latest News

ഈ സമയത്ത് ചോലയുടെ ഈ റിവ്യൂ കണ്ടപ്പോള്‍ ഞാന്‍ വിട്ടാലും സിനിമ എന്നെ വിടുന്നില്ല എന്ന തോന്നലുണ്ടായി; കുറിപ്പ് പങ്കുവച്ച് സനൽ കുമാർ ശശിധരൻ

Malayalilife
ഈ സമയത്ത് ചോലയുടെ ഈ റിവ്യൂ കണ്ടപ്പോള്‍ ഞാന്‍ വിട്ടാലും സിനിമ എന്നെ വിടുന്നില്ല എന്ന തോന്നലുണ്ടായി; കുറിപ്പ് പങ്കുവച്ച് സനൽ കുമാർ ശശിധരൻ

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് സനൽ കുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ സംവിധായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ സംവിധായകന്‍ സനല്‍ കുമാര്‍ പങ്കുവെച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ചോല എന്ന സിനിമ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് തന്റെ സിനിമകളെ ഉന്നം വെച്ചുളള ആക്രമണം എത്ര ശക്തമാണെന്ന് മനസ്സിലായതെന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ഞാന്‍ വിട്ടു എന്ന് പറഞ്ഞാലും സിനിമ എന്നെ വിട്ടു എന്ന് തോന്നുന്നില്ല എന്ന് ചോലയെക്കുറിച്ച് Farhad Dalal popcornreviewss.com ല്‍ എഴുതിയ റിവ്യൂ വായിച്ചപ്പോള്‍ തോന്നി. എന്റെ സിനിമകളെ ഉന്നം വെച്ചുകൊണ്ടുള്ള ആക്രമണം എത്ര ശക്തമാണെന്ന് എനിക്ക് മനസിലാവുന്നത് ചോല തിയേറ്ററില്‍ റിലീസ് ആയപ്പോഴാണ്. വളരെ വലിയ പരസ്യത്തോടെ റിലീസ് ആയ സിനിമ പ്രേക്ഷകരില്‍ നല്ല പ്രതികരണം ഉണ്ടാക്കിത്തുടങ്ങും മുന്‍പ് ഒരു കൂടിയാലോചനയും ഇല്ലാതെ എല്ലാ തിയേറ്ററില്‍ നിന്നും പിന്‍വലിക്കപ്പെട്ടു.

സിനിമയെക്കുറിച്ച് അത് സ്ത്രീ വിരുദ്ധമാണെന്ന ഒരു ചര്‍ച്ച പെട്ടെന്ന് പൊട്ടിപ്പുറപെട്ടതാണ് കാരണം. ചോല തിയേറ്ററില്‍ പോയി കാണരുതെന്ന് വരെ വീഡിയോകള്‍ ചെയ്യപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ നഗരങ്ങളില്‍ പോലും, പേരിന് ഒരു തിയേറ്ററിലെങ്കിലും നിലനിര്‍ത്താതെ സിനിമ എല്ലായിടത്തുനിന്നും പിന്‍വലിക്കപ്പെട്ടു. ചോല പ്രൊഡ്യൂസ് ചെയ്ത ഷാജി മാത്യുവിന്റെ പക്കല്‍ നിന്നും ജോജു ജോര്‍ജ്ജ് സിനിമ വാങ്ങുമ്പോള്‍ എനിക്ക് ആ സിനിമയില്‍ മൂന്നിലൊന്ന് അവകാശം ഉണ്ട് എന്നും അത് സിനിമയുടെ വിറ്റുവരവില്‍ പങ്കുവെയ്ക്കാം എന്നും ഒരു നിബന്ധന കരാറില്‍ ഉണ്ട്.

എന്നാല്‍ സിനിമയുടെ വിറ്റുവരവ് എത്രയെന്ന് എന്നെ അറിയിച്ചിട്ടില്ല. തിയേറ്ററില്‍ നിന്ന് പിന്‍വലിച്ചു എങ്കിലും ചോല amazon prime ല്‍ റിലീസ് ചെയ്തു. പക്ഷേ അത് ഒരു തരത്തിലും പരസ്യം ചെയ്യപ്പെട്ടില്ല. പക്ഷെ കേട്ടറിഞ്ഞ ആളുകള്‍ സിനിമ കണ്ടു. അതേക്കുറിച്ച് എഴുതി. സിനിമ സ്ത്രീവിരുദ്ധമല്ല എന്ന് ആളുകള്‍ തിരിച്ചറിഞ്ഞു. പക്ഷെ അപ്പോഴേക്കും എനിക്കെതിരെ എന്തോ വമ്പന്‍ അപകീര്‍ത്തി പ്രചരിക്കപ്പെട്ടു. അതെന്താണെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞാന്‍ പോലീസില്‍ പരാതികൊടുത്തിട്ടും അന്വേഷണമൊന്നുമില്ല. പക്ഷെ എനിക്കെതിരെ പ്രചരിപ്പിക്കപ്പെടുന്ന അപഖ്യാതി കാരണം എന്റെ സിനിമകളെയും ആളുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. സിനിമകളെ ഒഴിവാക്കാന്‍ കാരണം എനിക്കെതിരെ ഉള്ള അപഖ്യാദി ആണോ അതോ അങ്ങിനെ ഒരു കാരണം കിട്ടിയപ്പോള്‍ സൗകര്യമായി എന്ന് കരുതിയതാണോ എന്ന് എനിക്കറിയില്ല. എന്തായാലും ചോല ആമസോണ്‍ പ്രൈമിന്റെ ഒരു മൂലയില്‍ ഇപ്പോഴുമുണ്ട്. വല്ലപ്പോഴും ഇതുപോലെ റിവ്യൂസ്സ് വരുമ്പോള്‍ കുറച്ചാളുകള്‍ കാണും അത്ര തന്നെ. ചോല എന്ന സിനിമയില്‍ എനിക്ക് കിട്ടാനുള്ള അവകാശം പണമായി വേണ്ട എന്നും എന്റെ യുട്യൂബ് ചാനലില്‍ അത് പ്രസിദ്ധീകരിക്കാന്‍ അനുമതി തന്നാല്‍ മതി എന്നും ആവശ്യപ്പെട്ട് ജോജുവിനെ ഞാന്‍ ബന്ധപ്പെട്ടു.

കുറച്ചു കാലമായി ജോജുവിന്റെ ഫോണ്‍ നമ്പര്‍ കയ്യിലില്ലാത്തത് കൊണ്ട് ചോലയുടെ വിതരണം നടത്തിയിരുന്ന ഷോബിസിന്റെ സുരാജിനെയാണ് വിളിച്ചത്. ചോലയുടെയും അതിന്റെ തമിഴ് വേര്‍ഷനായ അല്ലിയും ഒരാള്‍ വാങ്ങാന്‍ സമീപിച്ചിട്ടുണ്ടെന്നും അതിന്റെ വിശദവിവരങ്ങള്‍ ജോജുവിനോട് തിരക്കിയിട്ട് പറയാമെന്നും പറഞ്ഞ സുരാജ് പിന്നീട് അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ചോല വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുടെ പേര് എന്നൊട് അയാള്‍ പറഞ്ഞെങ്കിലും പിന്നീട് ചോദിച്ചപ്പോള്‍ അങ്ങനെ അല്ല പറഞ്ഞതെന്നും ആ പേര് ഞാന്‍ കേട്ടപ്പോള്‍ തെറ്റിയതാവും എന്നും സുരാജ് പറഞ്ഞു. എല്ലാവര്‍ക്കും സുപരിചിതമായതും കുപ്രസിദ്ധവുമായ ഒരു പേരായിരുന്നു അത് . കൃത്യമായ ഉറപ്പ് ലഭിക്കാതെ ഇപ്പോള്‍ പറഞ്ഞാല്‍ അനാവശ്യമായ ചില സംശയങ്ങള്‍ ആളുകള്‍ക്ക് ഉണ്ടാകും എന്നതിനാല്‍ പറയുന്നില്ല. എന്തായാലും ചോല എന്ന സിനിമയില്‍ എനിക്കുള്ള നിയമപരമായ അവകാശം എന്റെ യുട്യൂബ് ചാനലില്‍ പബ്ലിഷ് ചെയ്യാനുള്ള അവകാശമായി തന്നാല്‍ നന്നായിരുന്നു എന്ന എന്റെ നിര്‍ദ്ദേശത്തില്‍ ഇതുവരെ മറുപടി കിട്ടിയില്ല.


 
ഈയിടെ ചോലയുടെ അന്താരാഷ്ട്ര വിതരണം നടത്തുന്ന ഗുഡ്മൂവ് മീഡിയയോട് അതിന്റെ വിതരണം അടിയന്തിരമായി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജോജുവിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഒരു ഇമെയില്‍ അയക്കുക ഉണ്ടായി. ആക്കാര്യത്തിലും എന്നോട് കൂടിയാലോചന നടത്തിയിട്ടില്ല. ചോലയും കുഴിച്ചുമൂടാനുള്ള ശ്രമം ആണ് നടക്കുന്നത് എന്ന് ഞാന്‍ സംശയിക്കുന്നുണ്ട്. എനിക്ക് ആ സിനിമയില്‍ നിയമപരമായ അവകാശം സ്ഥാപിക്കുന്ന കരാര്‍ ഉള്ളതിനാല്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. പക്ഷെ ജീവിച്ചിരിക്കുക എന്ന് പറയുന്നത് ഈ യുദ്ധഭൂമിയില്‍ അത്ര ഉറപ്പുള്ള കാര്യമല്ലാത്തതിനാല്‍ കാണാത്തവര്‍ ചോല കാണുക. ഈ സമയത്ത് ചോലയുടെ ഈ റിവ്യൂ കണ്ടപ്പോള്‍ ഞാന്‍ വിട്ടാലും സിനിമ എന്നെ വിടുന്നില്ല എന്ന തോന്നലുണ്ടായി. നന്ദി ഫര്‍ഹദ് ദലാല്‍.
 

director sanal kumar sasidharan fb post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES