Latest News

ദിലീപ് കുറ്റക്കാരനല്ല എന്നാണോ, മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല'; ഇപ്പോഴും വല്ലാത്തൊരു സമാധാനക്കേടിലാണ്; 'ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്;വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ല; ലാലിന് പറയാനുള്ളത്

Malayalilife
 ദിലീപ് കുറ്റക്കാരനല്ല എന്നാണോ, മതിയായ തെളിവില്ല എന്നാണോ കോടതി പറഞ്ഞതെന്ന് അറിയില്ല'; ഇപ്പോഴും വല്ലാത്തൊരു സമാധാനക്കേടിലാണ്; 'ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്നപ്പോള്‍ പ്രതികളെ കൊന്നുകളയാനാണ് തോന്നിയത്;വിധി വന്ന ശേഷം അതിജീവിതയെ വിളിച്ചിട്ടില്ല; ലാലിന് പറയാനുള്ളത്

നടിയെ ആക്രമിച്ച കേസ് നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ ലാല്‍. ആക്രമണം നടന്ന അന്ന് രാത്രി നടി തന്റെ വീട്ടിലേക്ക് വന്ന ശേഷം താന്‍ അനുഭവിച്ച വിഷമങ്ങളും സങ്കടവും പ്രശ്‌നങ്ങളുമൊക്കെ പറഞ്ഞപ്പോള്‍ അത് ചെയ്തവരെ കൊന്നുകളയാനാണ് തോന്നിയതെന്ന് ലാല്‍ പ്രതികരിച്ചു. 

താന്‍ ഇപ്പോള്‍ വല്ലാത്തൊരു സമാധാനക്കേടിലാണെന്നും, അതുകൊണ്ട് വിധി വന്ന ശേഷം അതിജീവിതയായ നടിയെ വിളിച്ചിട്ടില്ലെന്നും ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ താന്‍ ആളല്ല. വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്ക് അറിയില്ല. വിധി പകര്‍പ്പ് പുറത്തുവന്ന ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂ. 

ദിലീപിനെ 'കുറ്റക്കാരനല്ല' എന്നാണോ അതോ 'മതിയായ തെളിവില്ല' എന്നാണോ കോടതി പറഞ്ഞതെന്നും അറിയില്ല. കോടതി വിധിക്കെതിരെ മേല്‍ക്കോടതിയിലേക്ക് അപ്പീല്‍ പോവുകയാണെങ്കില്‍ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ പറയാന്‍ തയ്യാറാണെന്ന് ലാല്‍ വ്യക്തമാക്കി.

ഞാന്‍ മിണ്ടണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും പ്രശ്‌നങ്ങളുമൊക്കെ കേട്ടപ്പോള്‍ അതില്‍ പ്രതികളായിരുന്ന എല്ലാവരെയും കൊന്നു കളയണമെന്നാണ് ആ സമയത്ത് തോന്നിയത്. പക്ഷേ, പിന്നീട് നമ്മള്‍ സാവകാശം ചിന്തിക്കുമ്പോള്‍ അവര്‍ക്കെല്ലാവര്‍ക്കും കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ കിട്ടണം എന്നു പ്രാര്‍ഥിച്ചിരുന്നു. ഇന്നലെ വിധി വന്നു. അവര്‍ ശിക്ഷിക്കപ്പെടുന്നു. എന്തായാലും അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ആ വിധിയില്‍ ഞാന്‍ സന്തോഷവാനാണ്.

പിന്നെ, ഗൂഢാലോചനയുടെ കാര്യം... അത് പിന്നീട് കണ്ടെത്തിയ പ്രശ്‌നമാണ്. സത്യം പറഞ്ഞാല്‍ അതേക്കുറിച്ച് എനിക്ക് അറിയാവുന്നതിലപ്പുറം നിങ്ങള്‍ക്കറിയാം. ഒരുപക്ഷേ, എന്നെക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്കറിയാം. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. കോടതിക്ക് അറിയാം, അഭിഭാഷകര്‍ക്ക് അറിയാം. എല്ലാവര്‍ക്കും അറിയാം. ഏറ്റവും കുറവ് അറിയാവുന്ന ഒരാളാണ് ഞാന്‍. അതിനെക്കുറിച്ച് ഞാനൊരു അഭിപ്രായം പറയുന്നതില്‍ അര്‍ഥമില്ലെന്നു തോന്നുന്നു. പൂര്‍ണമായി അറിയാത്ത ഒരു കാര്യത്തെപ്പറ്റി അഭിപ്രായം പറയരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ്. ഈ കേസിനെ സംബന്ധിച്ചിടത്തോളം, ഇത് തെളിയിക്കാന്‍ വേണ്ടി എന്റെ ഭാഗത്തുനിന്നു എല്ലാം ഞാന്‍ ചെയ്തിട്ടുണ്ട് എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അന്ന് ആ കുട്ടി വീട്ടില്‍ വന്നു കഴിഞ്ഞപ്പോള്‍ ആദ്യം ബെഹ്‌റ സാറിനെ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുന്നത് ഞാനാണ്, അല്ലാതെ പി.ടി. തോമസ് ഒന്നുമല്ല. അതിനുശേഷമാണ് പി.ടി.തോമസൊക്കെ വന്നത്. അതുപോലെ തന്നെ ഇടയ്‌ക്കെപ്പോഴോ പി.ടി. തോമസ് സര്‍ ഈ മാര്‍ട്ടിന്‍ എന്നു പറയുന്ന ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം, അയാള്‍ക്ക് നല്ല പെയ്ന്‍ ഉണ്ട്, എന്നു പറഞ്ഞപ്പോള്‍ ഞാനാണ് പറഞ്ഞത്, അവിടെ നില്‍ക്കട്ടെ... എനിക്ക് അവനെ സംശയമുണ്ട് എന്ന് പറഞ്ഞത് ഞാനാണ്. ഞാന്‍ ഒരു നടന്‍ ആയതു കൊണ്ട് അവന്റേത് അഭിനയം ആണെന്ന് എനിക്ക് സംശയം തോന്നിയിരുന്നു.

ഒരു ഉത്തരേന്ത്യന്‍ പൊലീസ് ഓഫിസറോട് ഞാന്‍ ഇതു പറഞ്ഞതോടെയാണ് പൊലീസ് മാര്‍ട്ടിനെ കൊണ്ടു പോയത്. അത് ഞാന്‍ ചെയ്ത വലിയൊരു കാര്യം ഇതാണെന്ന് വിശ്വസിക്കുന്നു. അതില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതിനുശേഷം പിന്നെ കോടതിയിലും പ്രോസിക്യൂഷനോടും ഒക്കെ എല്ലാ കാര്യങ്ങളും ഞാനും എന്റെ കുടുംബവും കുടുംബത്തിലെ എല്ലാ വ്യക്തികളും കകൃത്യമായി ഒരു ചെറിയ സമയം പോലും തെറ്റാതെ അറിയിച്ചിട്ടുണ്ട്. അതാണ് എന്റെ ഭാഗത്തു നിന്നുള്ള കോണ്‍ട്രിബ്യൂഷന്‍. 

പിന്നെ ഭാവികാര്യങ്ങളെ പറ്റി ഊഹങ്ങളും തെറ്റിദ്ധാരണകളും ശരിയായ ധാരണകളും ഒക്കെയാണ് നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍. അതില്‍ ഏതാണ് ശരി എന്ന് നമുക്ക് അറിയില്ല. അറിയാത്ത ഒരു കാര്യത്തെപ്പറ്റി മറുപടി പറയാന്‍ ഞാന്‍ തല്‍പരനല്ല. ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല. എനിക്ക് അറിയാവുന്നതൊക്കെ, ഈ കേസില്‍ സഹായിക്കാവുന്നതൊക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനി കേസ് സുപ്രീം കോടതി വരെ പോവുകയാണെങ്കില്‍ അപ്പോഴും എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ, പുതുതായി എന്തെങ്കിലും അറിയാന്‍ കഴിയുമോ അതും ഞാന്‍ തീര്‍ച്ചയായും അറിയിച്ചിരിക്കും. 

എന്റെ കയ്യില്‍ അവരെ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ അന്നുതന്നെ അവരെ അക്രമിച്ചേനെ. അവരെ കോടതി ശിക്ഷിച്ചു. ഒരുപാട് സന്തോഷമുള്ള കാര്യമാണ്. വിധി വന്നത് ശരിയാണോ തെറ്റാണോ എന്നു പറയാന്‍ ഞാന്‍ ആളല്ല. എന്തുകൊണ്ടാണ് വിധി എന്നും എനിക്ക് അറിയില്ല. വിധിയുടെ പകര്‍പ്പ് കിട്ടിയിട്ടില്ല. (ദിലീപ്) കുറ്റവാളിയേ അല്ല എന്ന അര്‍ഥത്തിലാണോ അല്ലെങ്കില്‍ തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ള അര്‍ഥത്തിലാണോ എന്നും അറിയില്ല. അത് അറിയാത്തിടത്തോളം കാലം ഊഹാപോഹ കഥകള്‍ പറയാന്‍ ഞാന്‍ ആളല്ല. ഈ വിധിക്കു ശേഷം ഞാന്‍ അവരെ (നടിയെ) വിളിച്ചിട്ടില്ല. എനിക്ക് വലിയ ബുദ്ധിമുട്ടാണ്. ഞാന്‍ വലിയ കണ്‍ഫ്യൂഷനിലും ടെന്‍ഷനിലും സമാധാനക്കേടിലും ആണ്. സന്തോഷിക്കണോ സങ്കടപ്പെടണോ ഒന്നും അറിയാന്‍ പാടില്ലാത്ത അവസ്ഥയിലാണെന്നും നടന്‍ പറയുന്നു.


 

Read more topics: # ലാല്‍.
director lal on actress assault case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES