Latest News

ലവ് ആക്ഷന്‍ ഡ്രാമയുടെ എഡിറ്റിങ് സമയത്ത് ഉറങ്ങുകയായിരുന്നു; ചിത്രത്തിന്റെ വിജയം അത്ഭുതപ്പെടുത്തി; കോളേജില്‍ പഠിക്കുന്ന സമയത്ത് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു; ഉടലിലെ ഇന്റിമേറ്റ് സീനില്‍ ദുര്‍ഗ്ഗ ആയതുകൊണ്ട് അനായാസം ചെയ്യാന്‍ സാധിച്ചു; ധ്യാന്‍ ശ്രീനിവാസന്‍ മനസ് തുറക്കുമ്പോള്‍

Malayalilife
ലവ് ആക്ഷന്‍ ഡ്രാമയുടെ എഡിറ്റിങ് സമയത്ത്  ഉറങ്ങുകയായിരുന്നു; ചിത്രത്തിന്റെ വിജയം അത്ഭുതപ്പെടുത്തി; കോളേജില്‍ പഠിക്കുന്ന സമയത്ത് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു; ഉടലിലെ ഇന്റിമേറ്റ് സീനില്‍ ദുര്‍ഗ്ഗ ആയതുകൊണ്ട് അനായാസം ചെയ്യാന്‍ സാധിച്ചു; ധ്യാന്‍ ശ്രീനിവാസന്‍ മനസ് തുറക്കുമ്പോള്‍

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമകളെക്കാളും പലപ്പോഴും തന്റെ അഭിമുഖങ്ങളിലൂടെ ശ്രദ്ധേയനാകാറുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അധികം ആലോചിക്കാതെ വെട്ടിത്തുറന്നാണ് അഭിമുഖങ്ങളില്‍ ധ്യാന്‍ സംസാരിക്കാറുള്ളത്. 2013ലെ 'തിര' എന്ന ചിത്രത്തിലൂടെയാണ് ധ്യാന്‍ സിനിമ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ലവ് ആക്ഷന്‍ ഡ്രാമയിലൂടെ ധ്യാന്‍ തിരക്കഥാകൃത്തും സംവിധായകനുമായി മാറി. ഇപ്പോള്‍ ധ്യാനിന്റെ പുതിയ സിനിമയായ ഉടല്‍ റിലീസിനൊരുങ്ങിയതോടെ വീണ്ടും അദ്ദേഹത്തിന്റെ അഭിമുഖങ്ങള്‍ വൈറലാവുകയാണ്. 

ആരാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ഒന്നായിരുന്നു 'ഉടല്‍' എന്ന ചരിത്രത്തിന്റെ ട്രെയിലര്‍. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലാണ് ഇന്ദ്രന്‍സ് ഈ ചിത്രത്തില്‍ എത്തുന്നത്. ദുര്‍ഗ്ഗാ കൃഷ്ണയും ധ്യാന്‍ ശ്രീനിവാസനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ഏറെ ചര്‍ച്ചാവിഷയമായ മറ്റൊന്ന് ചിത്രത്തിലെ ദുര്‍ഗ്ഗാ കൃഷ്ണയുടെ ഇന്റിമേറ്റ് സീന്‍ ആണ്. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇതേകുറിച്ചും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്.

ചിത്രത്തിന്റെ വിശേഷങ്ങളെപ്പറ്റിയും ഇന്റിമേറ്റ് സീന്‍ ഷൂട്ട് ചെയ്തതിനെ പറ്റിയുമെല്ലാം ധ്യാന്‍ അടുത്തിടെ നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. 'ഉടല്‍' എന്ന ചിത്രത്തില്‍ വളരെ ചുരുക്കം ചില കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളു. വെറും ഇരുപത് ദിവസം കൊണ്ട് ചിത്രീകരിച്ച ചിത്രമായിരുന്നു ഇതെന്ന് ധ്യാന്‍ പറയുന്നു. ചിത്രത്തില്‍ തന്റെ കൂടെ അഭിനയിച്ച ഇന്ദ്രന്‍സും ദുര്‍ഗ്ഗയും തനിക്ക് ഏറെ അടുപ്പം ഉള്ളവരായിരുന്നു എന്ന് ധ്യാന്‍ പറയുന്നു. '

വര്‍ഷങ്ങള്‍ക്ക് മുന്നേ ഞാനും അച്ഛനും ജഗതീഷ് അങ്കിളും ഉള്ളൊരു യൂറോപ്യന്‍ ഷോ ഉണ്ടായിരുന്നു. അന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഞാന്‍ ഏറ്റവും അടുത്ത് സംസാരിച്ചിരുന്നതുമൊക്കെ ഇന്ദ്രന്‍സ് ചേട്ടനുമായിട്ടായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പം മുതല്‍ക്കേ ഉള്ള ഒരു ബന്ധവും പരിചയവും നമ്മള്‍ തമ്മില്‍ ഉണ്ട് ' പരിചയം ഉള്ളത്‌കൊണ്ട് തന്നെ വളരെ കംഫോര്‍ട്ടബിള്‍ ആയിട്ടാണ് ചിത്രം ചെയ്യാന്‍ സാധിച്ചതെന്നും ധ്യാന്‍ പറഞ്ഞു. ഇതുപോലെ തന്നെയായിരുന്നു ദുര്‍ഗ്ഗയുമായുള്ള സീനുമെന്നും ധ്യാന്‍ പറയുകയുണ്ടായി. 

ദുര്‍ഗ്ഗയുമായി ഇത്രയും ഇന്റിമേറ്റ് ആയൊരു സീന്‍ അഭിനയിച്ചതുകൊണ്ട് ഭാര്യക്ക് പ്രശ്‌നമില്ലായിരുന്നോ എന്ന് ധ്യാനിനോട് അവതാരിക ചോദിച്ചു. എന്നാല്‍ ദുര്‍ഗ്ഗയുടെ വിവാഹം കഴിഞ്ഞ മാസങ്ങള്‍ മാത്രമാണ് ആയതെന്നും ദുര്‍ഗ്ഗയുടെ ഭര്‍ത്താവ് ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ ദുര്‍ഗ്ഗയുടെ ഭര്‍ത്താവിന് ഉണ്ടാവാത്ത പ്രശ്നം തന്റെ ഭാര്യക്ക് എങ്ങനെ ഉണ്ടാവുമെന്നും ധ്യാന്‍ ചോദിച്ചു. ദുര്‍ഗ്ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ തന്നെയാണ് സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്തത് ദുര്‍ഗ്ഗയോട് ചിത്രം ചെയ്യാനായി നിര്‍ദേശിച്ചതെന്നും ധ്യാന്‍ പറഞ്ഞു. ദുര്‍ഗ്ഗാ നന്നായി സ്‌ക്രിപ്റ്റ് വായിച്ചാണ് വന്നതെന്നും തന്നെക്കാള്‍ നല്ല കോണ്‍ഫിഡന്‍സോടെയാണ് ദുര്‍ഗ്ഗാ ആ സീന്‍ ചെയ്തതെന്നും ധ്യാന്‍ പറഞ്ഞു. 

ദുര്‍ഗ്ഗ ആയതുകൊണ്ട് മാത്രമാണ് ആ രംഗം അനായാസം ചെയ്യാന്‍ സാധിച്ചതെന്നും ധ്യാന്‍ പറയുന്നു. സിനിമകളിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ച് താന്‍ പണ്ട് കരുതിയിരുന്നത് എന്തായിരുന്നുവെന്നും താരം പറയുകയുണ്ടായി. ' ചെറുപ്പത്തില്‍ എന്റെ കൂട്ടുകാരന്‍ എന്നോട് പറഞ്ഞു പെണ്‍കുട്ടികളെ തൊടുന്നതും ഉമ്മവെക്കുന്നതുമെല്ലാം ക്യാമറ ട്രിക്ക് ആണ് യഥാര്‍ത്ഥത്തില്‍ അങ്ങനെ തൊടില്ല എന്ന്. ഞാന്‍ കുറേകാലം വിചാരിച്ചിരുന്നത് അങ്ങനെയാണ്.. എനിക്ക് കുറച്ച് വിവരം വെച്ചപ്പോള്‍ എനിക്ക് മനസിലായി അത് ഒര്‍ജിനല്‍ ആണെന്ന്. അന്ന് തൊട്ടാണ് എനിക്ക് സിനിമയോട് ഭയങ്കര അടുപ്പറും പാഷനുമൊക്കെ തോന്നിയത് ' ധ്യാന്‍ പറഞ്ഞു . 

ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ അഭിനയത്തെ പറ്റിയും ധ്യാന്‍ വ്യക്തമായി പറയുകയുണ്ടായി. വളരെ അധികം വൈലന്‍സ് ഉള്ള ഒരു ചിത്രമാണ് ഉടലെന്നും ചിത്രത്തില്‍ ഇന്ദ്രന്‍സിന് കത്തി കൊണ്ട് കുത്തുന്നതും ചുറ്റിക കൊണ്ട് അടിക്കുന്നതുമൊക്കെ ആയ ഒരുപാട് രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നുവെന്നും ധ്യാന്‍ പറഞ്ഞു. ഇത്രെയും അധികം വൈലന്‍സ് ഉള്ളതുകൊണ്ടാണ് ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും ധ്യാന്‍ പറഞ്ഞു. ചിത്രീകരണ വേളയില്‍ പലപ്പോഴും ഇന്ദ്രന്‍സിന് തലക്കും മറ്റും അടി കിട്ടിയെന്നും എന്നിട്ടും അദ്ദേഹം വളരെ ആത്മാര്‍ഥതയോടെയാണ് അഭിനയിച്ചതിനും ധ്യാന്‍ പറഞ്ഞു. 

കോളേജില്‍ പഠിക്കുന്ന സമയത്ത് തനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നുവെന്നും, അതിന് അച്ഛന്‍ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ധ്യാന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഏഴോ എട്ടോ കാമുകിമാരുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് ഒരു എത്തിക്ക്‌സൊന്നുമില്ല. എനിക്ക് കുറെ കാമുകിമാരുണ്ട്. ആരൊക്കയോ ഉണ്ടായിരുന്നു. ഞാന്‍ ബൈക്കില്‍ പെണ്‍പിള്ളേരുമായി കറങ്ങുന്നതൊക്കെ ചെന്നൈയില്‍ എവിടെന്നെങ്കിലും അച്ഛന്‍ കണ്ടിട്ടുണ്ടാവും എന്ന് എനിക്ക് സംശയമുണ്ട്,'' ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

''ഒരു തവണ ഇതിന് എന്നെ അച്ഛന്‍ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. വിനീത് ചേട്ടന്റെ മുമ്പില്‍ വെച്ചാണ് ചീത്ത പറയുന്നത്. ഭയങ്കരമായി ചീത്ത പറഞ്ഞ് കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അച്ഛന്‍ ഇവന് കൃഷിയായിരുന്നു കൃഷി എന്ന് ചേട്ടനോട് പറഞ്ഞു.അച്ഛന്‍ എന്നെ വഴക്ക് പറയാറുണ്ട്. ആ പറയുന്ന സമയത്തൊക്കെ ഗംഭീരമായി വഴക്ക് പറയും. പുള്ളി വഴക്ക് പറയുമ്പോള്‍ നമ്മളെ അടിച്ച് താഴ്ത്തി കളയുമെന്നും ധ്യാന്‍ പറയുന്നു.

ഇത് കേട്ടപ്പോള്‍ ചേട്ടന്‍ എന്നെ നോക്കിയിട്ട് കൃഷിയില്‍ നിനക്ക് താല്‍പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് കാണിക്കുകയും ചെയ്തു. അപ്പോള്‍ അച്ഛന്‍ എടാ കിഴങ്ങാ, ആ കൃഷിയല്ലടാ പെണ്ണുങ്ങളുടെ കൃഷിയാണ് എന്ന് ചേട്ടനോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പെണ്ണുങ്ങളുടെ കൃഷി നിര്‍ത്തി, ശരിക്കുമുള്ള കൃഷിയിലോട്ട് താല്‍പര്യം വന്ന് തുടങ്ങിയിട്ടുണ്ട്,'' ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സംവിധാനത്തിലിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയെക്കുറിച്ചും ധ്യാന്‍ അഭിമുഖത്തില്‍ മനസ് തുറന്നു. തനിക്ക് ഇഷ്ടമല്ലാത്ത സിനിമകളില്‍ ഒന്നാണ് ലവ് ആക്ഷന്‍ ഡ്രാമ എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. 'ഞാന്‍ എന്റെ സിനിമ പൊതുവെ കാണാറില്ല. ലവ് ആക്ഷന്‍ ഡ്രാമ പോലും ഞാന്‍ തിയേറ്ററില്‍ കണ്ടിട്ടില്ല. തിയേറ്ററില്‍ കാണാന്‍ മാത്രം ഒന്നും ആ സിനിമയിലില്ല. ആ സിനിമ എഡിറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഞാന്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും ധ്യാന്‍ പറയുന്നു.

'ഞാന്‍ ഓടില്ല എന്ന് നേരത്തെ വിചാരിക്കുന്ന പടങ്ങള്‍ സാധാരണ ഓടാറില്ല. എന്റെ കണക്ക് കൂട്ടലുകള്‍ ഇത് വരെ തെറ്റിയിട്ടില്ല. പ്രത്യേകിച്ച് എന്റെ തന്നെ സിനിമകള്‍. എന്നാല്‍ തീരെ ഓടില്ലെന്ന് ഞാന്‍ വിചാരിച്ച പടമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.' 'ഈ സിനിമ തിയേറ്ററില്‍ പൊട്ടി പൊളിഞ്ഞ് പണ്ടാരമടങ്ങി പോകുമല്ലോയെന്ന് വിചാരിച്ചിരുന്നു. ആ സിനിമ ഞാന്‍ കണ്ടപ്പോള്‍ ഇത് എന്താണ് എടുത്ത് വച്ചിരിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.' 'ഞാന്‍ എഴുതി വെച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയായിരുന്നു. ഷൂട്ട് ചെയ്ത് വെച്ച സീനുകളില്‍ തുടര്‍ച്ചയില്ലാത്തത് കൊണ്ട് കുറെ ഭാഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നു. അങ്ങനെ കഥ മുഴുവന്‍ മാറി പോയി. എന്നിട്ടും ആ സിനിമ ഓടി.' 'അത്യാവശ്യം പൈസയും അതിന് കിട്ടി. അതിനുള്ള പ്രധാന ഘടകം ചിത്രത്തിലെ താരങ്ങളായ നയന്‍താരയും നിവിന്‍ പോളിയും പിന്നെ സിനിമയിലെ പാട്ടുകളുമാണ്.'

ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന സിനിമയാണ് ഉടല്‍. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. ചിത്രം മെയ് 20 ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും

dhyan sreenivasan talking about new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES