വിനീത് ശ്രീനിവാസന്‍ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലിനേയും ധ്യാന്‍ ശ്രീനിവാസനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. ഇതോടെ ചിത്രത്തിന് ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നു.
ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധ്യാന്‍. വര്‍ഷങ്ങള്‍ക്കു ശേഷം പോലുള്ള ഇമോഷനല്‍ ഡ്രാമ സിനിമകള്‍ ഒടിടിയില്‍ കണ്ടാല്‍ ബോറടിക്കുമെന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഇമോഷനല്‍ ഡ്രാമ ഒടിടിയിലോ ടിവിയിലോ കാണുമ്പോള്‍ ലാഗ് സംഭവിക്കും എന്നാണ് ധ്യാന്‍ പറയുന്നത്.
ഷൂട്ടിംഗിനിടെ തന്നെ ചില ഭാഗങ്ങള്‍ കാണുമ്പോള്‍ ക്ലീഷേ ആയി തോന്നിയിരുന്നു എന്നും ഒടിടിയില്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നത് കൃത്യമായ കാര്യങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചേട്ടന്‍ (വിനീത് ശ്രീനിവാസന്‍) ഇതിലൂടെ ഉപയോഗിക്കുന്നത് സ്ട്രാറ്റജിയോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല എന്നും ധ്യാന്‍ പറഞ്ഞു. എന്നാല്‍ അത് മനഃപൂര്‍വം ഉള്‍പ്പെടുത്തുന്നതാണ് എന്നും താരം സമ്മതിച്ചു.
'ഡ്രൈവറായി മറ്റൊരു ഓപ്ഷന്‍ വയ്ക്കൂ എന്ന് തുടക്കം മുതലേ ഞാന്‍ ഏട്ടനോട് പറഞ്ഞിരുന്നുവെന്നും പുള്ളി തന്നെ എഴുതിയ കഥയായതുകൊണ്ട് ഓഡിയന്‍സിന് തോന്നും, എന്തിനാണ് ഈ കഥാപാത്രം ചെയ്യുന്നതെന്ന്. വിശാഖിനായിരുന്നു നിര്‍ബന്ധം. ഞങ്ങളെല്ലാവരും ഒരുമിച്ച് വേണമെന്ന് അവന് നിര്‍ബന്ധമായിരുന്നു. ഏട്ടന് ആ കഥാപാത്രം മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിക്കണമെന്നായിരുന്നു. ഡ്രൈവറിന്റെ റോള്‍ ചെയ്യാന്‍ താല്‍പര്യവുമില്ലായിരുന്നു.
അതുപോലെ തന്നെയാണ് പ്രണവിന്റെ മേക്കപ്പും. അജു വര്‍ഗീസ് അടക്കമുള്ളവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ പ്രണവിന്റെ ലുക്കില്‍ ഏട്ടന്‍ ഓകെ ആയിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫ് ചെയ്യാനിരുന്നത് അച്ഛനും ലാലങ്കിളുമായിരുന്നു. ആദ്യത്തെ പ്‌ളാന്‍ ആയിരുന്നു അത്. ലാലങ്കിള്‍ ഡേറ്റ് കൊടുത്തതുമാണ്. അച്ഛന് വയ്യാതായപ്പോഴാണ് ചേഞ്ച് വന്നത്. അവര്‍ ആയിരുന്നെങ്കില്‍ കഥയിലുള്‍പ്പടെ പല മാറ്റങ്ങളും ഉണ്ടാകുമായിരുന്നു''
എന്നാല്‍ വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍ തന്റേതായ ചില പൊടിക്കൈകള്‍ ഉപയോഗിച്ച് അതിനെ മറികടന്നിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു.