Latest News

ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍; ജീവിതം തിരികെ പിടിക്കുന്നതിനിടെ സിനിമ സംഘത്തിന്റെ തട്ടിപ്പ്; പച്ചക്കറി കടക്കാരനും ഇറച്ചിക്കടക്കാരനുമടക്കം വിലങ്ങാട്ടെ നാല് കടകള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കി ആഷിഖ് അബു ചിത്രത്തിന്റെ ടീം മുങ്ങി; വഞ്ചിക്കപ്പെട്ടവരില്‍ കാന്‍സര്‍ രോഗിയും; അജസുന്ദരി സിനിമാ സംഘത്തിനെതിരെ വ്യാപാരികള്‍ 

Malayalilife
 ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍; ജീവിതം തിരികെ പിടിക്കുന്നതിനിടെ സിനിമ സംഘത്തിന്റെ തട്ടിപ്പ്; പച്ചക്കറി കടക്കാരനും ഇറച്ചിക്കടക്കാരനുമടക്കം വിലങ്ങാട്ടെ നാല് കടകള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കി ആഷിഖ് അബു ചിത്രത്തിന്റെ ടീം മുങ്ങി; വഞ്ചിക്കപ്പെട്ടവരില്‍ കാന്‍സര്‍ രോഗിയും; അജസുന്ദരി സിനിമാ സംഘത്തിനെതിരെ വ്യാപാരികള്‍ 

ജോജു ജോര്‍ജ്, ലിജോമോള്‍ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു - മനു ആന്റണി കൂട്ടുകെട്ടില്‍ ഒരുക്കുന്ന 'അജസുന്ദരി' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോടിന്റെ മലയോര ഗ്രാമമായ വിലങ്ങാട്ടെ പാവപ്പെട്ട വ്യാപാരികളെ സിനിമാസംഘം കബളിപ്പിച്ചതായി പരാതി. ഷൂട്ടിംഗ് സെറ്റിലേക്ക് മാസങ്ങളോളം സാധനങ്ങള്‍ വാങ്ങിയ വകയില്‍ ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക നല്‍കാതെയാണ് സിനിമാസംഘം സ്ഥലംവിട്ടത്. 

ഷൂട്ടിംഗ് കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരികള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വലിയ വിവാദമായത്. തങ്ങളെ വിശ്വസിപ്പിച്ച് പറ്റിച്ചതിനെതിരെ ഇന്ന് പൊലീസിനെ സമീപിക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നാട്ടുകാരുടെയും തീരുമാനം. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന് പിന്നാലെ സമാനമായ രീതിയില്‍ ദുരന്തം വിതച്ച വിലങ്ങാട് പ്രദേശത്ത് കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മൂന്ന് മാസത്തോളം നീണ്ടുനിന്ന ഷൂട്ടിംഗിനായി നാട്ടുകാരും വ്യാപാരികളും വലിയ സഹകരണമാണ് സിനിമാസംഘത്തിന് നല്‍കിയത്. തുടക്കത്തില്‍ കൃത്യമായി പണം നല്‍കി വ്യാപാരികളുടെ വിശ്വാസം പിടിച്ചുപറ്റിയ സംഘം, പിന്നീട് ലക്ഷങ്ങളുടെ സാധനങ്ങള്‍ കടമായി വാങ്ങുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് പോകുന്നതിന് മുന്‍പ് മുഴുവന്‍ തുകയും നല്‍കാമെന്നായിരുന്നു പ്രൊഡക്ഷന്‍ സംഘത്തിന്റെ വാഗ്ദാനം. 

എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായി മൂന്ന് മാസം കഴിഞ്ഞിട്ടും പണം നല്‍കാതിരിക്കുകയും, പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍ അടക്കമുള്ളവര്‍ ഒഴിഞ്ഞുമാറുകയും ചെയ്തതോടെയാണ് വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം തകര്‍ന്ന്, കടം വാങ്ങിയും ലോണെടുത്തും ജീവിതം തിരികെപ്പിടിക്കാന്‍ ശ്രമിക്കുന്ന പാവപ്പെട്ട വ്യാപാരികളാണ് ഈ വഞ്ചനയ്ക്ക് ഇരയായത്. 

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരും വഞ്ചിതരായവരില്‍ ഉള്‍പ്പെടുന്നു. മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ കട പൂര്‍ണ്ണമായും നശിച്ചുപോയ പച്ചക്കറി വ്യാപാരി പി.എസ് മനോജിന് 54,000 രൂപയോളം സിനിമാസംഘം നല്‍കാനുണ്ട്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹം കുടുംബശ്രീ ലോണെടുത്തും വ്യാപാരി സമിതിയുടെ സഹായത്തോടെയുമാണ് വീണ്ടും കച്ചവടം ആരംഭിച്ചത്. സെറ്റിലേക്ക് മെസ്സ് നടത്താന്‍ കരാറെടുത്ത ആയഞ്ചേരി സ്വദേശി സാജിദാണ് ഇദ്ദേഹത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നത്. കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ബന്ധുക്കളുടെ സഹായത്തോടെ ഇറച്ചിക്കട നടത്തുന്ന ബെന്നി ജോസഫിന് ഒരു ലക്ഷം രൂപയാണ് സിനിമാസംഘം നല്‍കാനുള്ളത്.

 കോഴി, ബീഫ്, പന്നിയിറച്ചി, മുട്ടകള്‍ എന്നിവ വിശ്വാസത്തിന്റെ പുറത്ത് നല്‍കിയ ഇദ്ദേഹത്തിന് അവസാന നിമിഷം കുറച്ചു തുക ഗൂഗിള്‍ പേ വഴി നല്‍കിയെങ്കിലും ബാക്കി തുക രണ്ട് ദിവസത്തിനകം തരാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു. കൂടാതെ, മില്‍മ ബൂത്ത് നടത്തുന്ന അപ്പച്ചന് പാലിനും നാല് വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ക്കും ഉള്‍പ്പെടെ 46,000 രൂപയും, മലഞ്ചരക്ക് വ്യാപാരിയായ തോമസിന് തേങ്ങ വാങ്ങിയ ഇനത്തില്‍ 18,000 രൂപയും കിട്ടാനുണ്ട്. കടം വാങ്ങിയ പണം കിട്ടാതായതോടെ പല കടകളും പൂട്ടിയിടേണ്ട അവസ്ഥയിലാണ്. 

സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് ആഷിഖ് അബു രംഗത്തെത്തിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് നല്‍കാനുള്ള പണം ചിത്രത്തിന്റെ മെസ്സ് കരാറുകാരന്റെ പക്കല്‍ കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി കരാറുകാരന്‍ ഒളിവിലാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. കരാറുകാരനെ ഫോണില്‍ കിട്ടുന്നില്ലെന്നും കഴിഞ്ഞ ദിവസമാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയതെന്നും പറഞ്ഞ ആഷിഖ് അബു, കരാറുകാരനെതിരെ തങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. 

വലിയ സഹായം ചെയ്ത വിലങ്ങാട്ടെ പ്രിയപ്പെട്ട നാട്ടുകാരെ ബുദ്ധിമുട്ടിക്കില്ലെന്നും വ്യാപാരികളുടെ ആവശ്യം ന്യായമായതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ ബാധ്യതയും തീര്‍ക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം. 

Read more topics: # 'അജസുന്ദരി'
complaint against ajasundari filmmakers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES