സിനിമകളിലൂടെയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ അമ്മവേഷങ്ങളില്‍ തിളങ്ങി നിന്ന കലാപ്രതിഭ കെജി ദേവകിയമ്മ യാത്രയായി. അമ്മ കഥാപാത്രങ്ങളിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരിയായ മാരിയ ദേവകിയമ്മ ശബ്ദമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച പ്രമുഖ റേഡിയോ കലാകാരിയും സിനിമാതാരവുമായ പൂജപ്പുര കലാനിലയത്തില്‍ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയുമാണ്.
കഴിഞ്ഞ ആറുമാസത്തോളമായി വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു. റേഡിയോ നാടകങ്ങളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട ദേവകിയമ്മ, കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരും ആയിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരുടെ ഭാര്യയായിരുന്നു.
അമ്മയായും അമ്മൂമ്മയായും റേഡിയോ നാടകങ്ങളിലും സിനിമകളിലും നാടകങ്ങളിലും സീരിയലിലും നിറഞ്ഞു നിന്ന ദേവകിയമ്മ തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുകളിലൊരാളായിരുന്നു. റേഡിയോയില്‍ കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍, ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ടുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ദേവകിയമ്മ അവതരിപ്പിച്ചിരുന്നു.
ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍ കുട്ടി, ശയനം, സൂത്രധാരന്‍ തുടങ്ങി നിരവധി സിനിമകളിലും താലി, ജ്വാലയായ് തുടങ്ങി നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
മക്കള്‍: കലാവതി, ഗീത, മായ, കെ. ജീവന്‍കുമാര്‍, ദുര്‍ഗ. മരുമക്കള്‍ കെ. സുഷമകുമാരി, രാജു ആര്‍. പിള്ള, പരേതരായ കെ.പി. ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥ്, വിജയകുമാര്‍. മൃതദേദേഹം ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ കലാനിലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന്, ഉച്ചക്ക് 1.30 ഓടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.