താരാരാധനയുടെ പല വേര്‍ഷനും കണ്ടിട്ടുണ്ടെങ്കിലും അതിലുമൊക്കെ മാരകമായ പുതിയൊരു വേര്‍ഷനാണ് തമിഴ്നാട്ടില്‍ നിന്നു പുറത്തു വരുന്നത്. മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം. ചിമ്പു ആരാധകനാണ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
ആരാധന തലയ്ക്കു പിടിച്ചയാള്‍ സ്വന്തം ശരീരത്തില്‍ കമ്പി തുളച്ച് ജെസിബിയില്‍ തൂങ്ങിയാണ് കട്ടൗട്ടില്‍ പാലഭിഷേകം നടത്തിയത്. സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്ന ഇത്തരം അന്ധമായ ആരാധനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സമാനമായ രീതിയില്‍ സ്വന്തം ശരീരം മുറിച്ച് അല്ലു ആരാധകരും സ്നേഹം പ്രകടിപ്പിച്ചിരുന്നു. നാ പേരു സൂര്യ എന്ന ചിത്രം റിലീസ് ചെയ്തപ്പോഴാണ് ഒരു കൂട്ടം യുവാക്കള്‍ വിരലുകള്‍ മുറിച്ച് കട്ടൗട്ടില്‍ രക്താഭിഷേകം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ അല്ലു തന്നെ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ പേരില്‍ ചേരിതിരിഞ്ഞുള്ള തല്ലും ഇത്തരം ഭ്രാന്തമായ ആരാധനയും അവസാനിപ്പിക്കാന്‍ താരങ്ങള്‍ തന്നെ ഇടപെടണമെന്ന് മറ്റു പ്രേക്ഷകര്‍ ആവശ്യപ്പെട്ടു.