എന്ന് നിന്റെ മൊയ്ദീന് ശേഷം പ്രമുഖ സംവിധായകന്‍ ആര്‍.എസ് വിമല്‍ ഒരുക്കുന്ന മലയാളം ചലച്ചിത്രം ചെത്തി മന്ദാരം തുളസിയുടെ പ്രഖ്യാപനവും പാട്ടുകളുടെ ടീസര്‍ പ്രകാശനവും നടന്നു. തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരം മഞ്ജുവാര്യര്‍ മുഖ്യാതിഥിയായി. ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ. മധു നിര്‍വഹിച്ചു.
ഗുരുരത്‌നം സ്വാമി, സൂക്ഷ്മാനന്ദ സ്വാമി, സൗത്ത് പാര്‍ക്ക് ഗ്രൂപ്പ് എം.ഡി ജി. മോഹന്‍ ദാസ്, എസ്.പി ദീപക്ക് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആര്‍.എസ് വിമല്‍ ഫിലിംസ്, യുണൈറ്റഡ് ഫിലിം കിങ്ഡം ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആര്‍.എസ് വിമലിന് പുറമെ രാഹുല്‍, ജയ് ജനാര്‍ദന്‍, പി. ജിംഷാര്‍ എന്നീ നവാഗത സംവിധായകരും സംവിധാന സംഘത്തിലുണ്ട്.
സണ്ണി വെയ്ന്‍ നായകനായ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരവും പ്രശസ്ത മോഡലുമായ റിദ്ധി കുമാറാണ് നായിക. റിദ്ധിയുടെ രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ചെത്തി മന്ദാരം തുളസി. ഇരുവര്‍ക്കും പുറമെ നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പി. ജിംഷാറിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ആര്‍.എസ് വിമല്‍, ഡോ.സുരേഷ്‌കുമാര്‍ മുട്ടത്ത്, നിജുവിമല്‍ കൂട്ടുകെട്ടാണ് നിര്‍മ്മിക്കുന്നത്. പൂര്‍ണമായും പ്രണയ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം നല്‍കിയിരിക്കുന്നത്. 96 എന്ന ചിത്രത്തിന് ശേഷം ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ചെത്തി മന്ദാരം തുളസി. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. കശ്മീര്‍, ഷിംല എന്നിവിടങ്ങലിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. രഞ്ജിത്ത് അമ്പാടിയാണ് ചിത്രത്തിന്റെ ചമയം നിര്‍വഹിക്കുന്നത്.
ആര്‍.എസ്. വിമല്‍ സിനിമ മേഖലയിലേക്ക് നിര്‍മാതാവായി രംഗപ്രവേശനം ചെയ്യുന്ന ചിത്രം കൂടിയാണ് ചെത്തി മന്ദാരം തുളസി. സിനിമയെ ആത്മാര്‍ത്ഥമായി കൊണ്ട് നടക്കുന്ന പുതു തലമുറയ്ക്ക് ഭാവിയില്‍ തണലേകാന്‍ കഴിയണമെന്ന് ആഗ്രഹത്തോടെയാണ് ആര്‍.എസ് വിമല്‍ ഫിലിംസ് എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത് എന്ന് ആര്‍.എസ് വിമല്‍ പറഞ്ഞു. വിക്രം നായകനായ ബഹു ഭാഷ ചലച്ചിത്രമായ മഹാവീര്‍ കര്‍ണ്ണന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയിലാണ് പുതിയ മലയാളം ചലച്ചിത്രവുമായി മലയാളി മനസിലേക്ക് ആര്‍.എസ് വിമലും സംഘവും എത്തുന്നത്.