മലയാള സിനിമയില്‍ വീണ്ടും മീ ടു ആരോപണം. 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിള ആരോപിച്ചു.. 'അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് മോശം അനുഭവം ഉണ്ടായത്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് നടിയുടെ ആരോപണം.
എന്നാല്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ലെന്നും നടി പറഞ്ഞു. രാത്രി വാതിലില്‍ വന്ന് മുട്ടുന്നതടക്കമുള്ള മോശം അനുഭവങ്ങളുണ്ടായി. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതെ വന്നപ്പോള്‍ സിനിമയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ടായി.
''1997ല്‍ പുറത്തിറങ്ങിയ അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും എന്ന സിനിമയ്ക്കിടെ കൂട്ട ബലാത്സംഗത്തിന് ശ്രമമുണ്ടായി. പീഡന ശ്രമത്തിനിടെ മുറിയില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്റെയും അസിസ്റ്റന്റിനെയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദ്ദിച്ചു. പീഡനത്തിന് ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയപ്പോള്‍ രക്ഷിച്ചത് ഓട്ടോ ഡ്രൈവറാണ്. . നിര്‍മാതാവ് എം.പി.മോഹനനും സുഹൃത്തുക്കളുമാണു ബലാത്സംഗത്തിന് ശ്രമിച്ചത്. താന്‍ രക്ഷപ്പെട്ടെങ്കിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ബലാത്സംഗത്തിന് ഇരയായി''ചാര്‍മിള പറഞ്ഞു.
സംവിധായകന്‍ ഹരിഹരന്‍ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാര്‍മിള വെളിപ്പെടുത്തി. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോടാണു താന്‍ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ഹരിഹരന്‍ ചോദിച്ചത്. വഴങ്ങാന്‍ തയാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയില്‍ നിന്ന് ഹരിഹരന്‍ ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയില്‍ നിന്ന് ഒഴിവാക്കി.
മോശമായി പെരുമാറിയവരില്‍ സംവിധായകരും നിര്‍മാതാക്കളും നടന്മാരുമുണ്ടെന്നും ചാര്‍മിള പറഞ്ഞു. എന്നാല്‍ തന്റെ പല സുഹൃത്തുക്കളും പെട്ടുപോയെന്നും ദുരനുഭവമുണ്ടായ ആളുകളുടെ പേരുകള്‍ പറയുന്നില്ലെന്നും ചാര്‍മിള പറഞ്ഞു. തനിക്ക് മകനുണ്ടെന്നും അതിനാല്‍ മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും ചാര്‍മിള കൂട്ടിച്ചേര്‍ത്തു.