പെരുന്നാള്‍ ദിവസം ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന അഭ്യര്‍ത്ഥനയുമായി കുഞ്ചാക്കോ ബോബന്‍; ക്യാമ്പുകളില്‍ താത്കാലിക ടോയ്ലറ്റുകള്‍ നല്കി ജയസൂര്യ;സഹായാഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയുമായി നയന്‍താരയും ഉണ്ണി മുകുന്ദനും; കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാന്‍ ഒറ്റക്കെട്ടായി താരങ്ങളും

Malayalilife
topbanner
 പെരുന്നാള്‍ ദിവസം ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന അഭ്യര്‍ത്ഥനയുമായി കുഞ്ചാക്കോ ബോബന്‍; ക്യാമ്പുകളില്‍ താത്കാലിക ടോയ്ലറ്റുകള്‍ നല്കി ജയസൂര്യ;സഹായാഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയുമായി നയന്‍താരയും ഉണ്ണി മുകുന്ദനും; കേരളത്തെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷിക്കാന്‍ ഒറ്റക്കെട്ടായി താരങ്ങളും

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുവർക്ക് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരങ്ങളും. പലരും ക്യാമ്പുകളിൽ സഹായം നേരിട്ടെത്തിക്കാനും, സോഷ്യൽമീഡിയ വഴി സഹായം അഭ്യർത്ഥിച്ചുമൊക്കെയാണ് കേരളത്തിന് വേണ്ടി ഇവർ ഒരുമിക്കുന്നത്. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ഉണ്ണി മുകുന്ദൻ, ടോവിനോ, പാർവ്വതി, പേളി മാണി,സരയൂ,വിനയ് ഫോർട്ട് എന്നിവർ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

അൻപോട് കൊച്ചി എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഇന്ദ്രജിത്ത് സഹായഭ്യർത്ഥന നടത്തി ക്യാമ്പുകളിൽ സജീവ പങ്കാളിത്തം ആണ് ഉറപ്പാക്കുന്നത്.ക്യാമ്പുകളിലേക്ക് പത്ത് ടെംപററി ടോയ്ലെറ്റുകളാണ് നടൻ ജയസൂര്യ പങ്കാളിത്തം അറിയിച്ചത്. കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനായി അഞ്ച് ടെംപററി ടോയ്‌ലറ്റുകൾ വീതമാണ് നൽകിയത്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് ടോയ്‌ലറ്റുകൾ നൽകുന്നത്.

അതേസമയം, ദുരിതത്തിൽപ്പെട്ടവർക്ക് ഭക്ഷണം ലഭ്യമാക്കണമെന്ന ആവശ്യവുമായി കുഞ്ചാക്കോ ബോബൻ രംഗത്തെത്തി. ബലിപ്പെരുന്നാൾ ദിനമായ തിങ്കളാഴ്‌ച്ച വിശന്നിരിക്കുന്ന ആരും ഉണ്ടാവരുതെന്നാണ് ചാക്കോച്ചന്റെ അഭ്യർത്ഥന.കേരള ഫ്‌ളഡ് ഡിസാസ്റ്റർ അർജന്റ് ഹെൽപ്പി'ന്റെ ഫേസ്‌ബുക്ക് സന്ദേശം പങ്കുവച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്റെ അഭ്യർത്ഥന. നാളെ എല്ലാരും ഒന്നൂടെ ഉഷാറാക്കണം. ബലി പെരുന്നാൾ ദിവസം ആണ്. ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത്. ഏവർക്കും നന്മയുണ്ടാവട്ടെ'. കുഞ്ചാക്കോ ബോബൻ ഫേസ്‌ബുക്കിൽ കുറിച്ചു.

'സ്‌റ്റൈൽ' എന്ന ചിത്രത്തിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ സഹായം അഭ്യർത്ഥിച്ച് അയച്ച വോയിസ് മെസേജിന്റെ കാര്യം പറഞ്ഞാണ് കളക്ഷൻ സെന്ററുകളിൽ ആവശ്യത്തിന് സാധനങ്ങളെത്തുന്നില്ലെന്ന് ഉണ്ണി മുകുന്ദനും അറിയിച്ചു.വളരെക്കുറച്ച് സാധനങ്ങൾ മാത്രമേ കളക്ഷൻ സെന്ററുകളിൽ എത്തിയിട്ടുള്ളു എന്നാണ് താരം പറയുന്നത്. മലബാറിലേക്ക് സഹായം എത്തുന്നില്ല, കഴിഞ്ഞ പ്രളയകാലത്ത് കൂടെ നിന്നവരെ ഇത്തവണ കൈവെടിയരുതെന്നും താരം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

നിലമ്പൂർ പോത്തുകല്ലിലെ ഉരുൾപ്പൊട്ടിയ മേഖലയിൽ പോർട്ടബിൾ ടവർ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ സണ്ണി വെയ്ൻ. ഇത് സ്ഥാപിക്കാൻ ചോദിക്കുന്ന പണവും, സൗജന്യമായി ഭൂമിയും തരാമെന്നാണ് സണ്ണി വെയ്ൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഉള്ളത്. അഡ്വ. ജഹാഗീർ റസാഖ് പലേരിയുടെ നമ്പരാണ് പോസ്റ്റിലുള്ളത്. ജഹാഗീറിന്റെ പോസ്റ്റ് സണ്ണി വെയ്ൻ പങ്കുവെച്ചതാണെന്നാണ് കരുതുന്നത്.

മഴക്കെടുതിയിൽ വലയുന്ന കേരളത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും എല്ലാവരും ഒരേ മനസ്സോടെ ഉണർന്നു പ്രവർത്തിക്കണമെന്നുമുള്ള അഭ്യർത്ഥനയുമായി നയൻതാര സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്. ഒരു പ്രളയദുരിതത്തെക്കൂടി അഭിമുഖീകരിക്കുന്ന കേരളത്തിന് വേണ്ടി പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ചാണ് താരം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.


Read more topics: # celebrities ,# helping hands,# in flood
celebrities helping hands in flood

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES