ഒന്നിനു പിറകെ ഒന്നായി കേസുകളില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി. ഇപ്പോഴിതാ നടനെതിരെ വീണ്ടും പോലീസ് കേസ് എടുത്തിരിക്കുകയാണ്. കാര്‍ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ബൈക്കില്‍ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് പരാതി.
ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും നടന്‍ ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സെന്‍ട്രല്‍ പോലീസാണ് ശ്രീനാഥിനെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പക്ഷെ ശ്രീനാഥ് ഭാസി ഇതില്‍ ഒന്നും പ്രതികരിച്ചിട്ടില്ല. ഇതിനിടെ സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം, കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടനെ പോലീസ് കഴിഞ്ഞയാഴ്ച ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. കേസില്‍ ഓംപ്രകാശിനെ ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശിച്ചതിനാണ് പോലീസ് നടനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. പക്ഷെ കേസില്‍ സിനിമാ താരങ്ങള്‍ക്ക് ആര്‍ക്കും തന്നെ ബന്ധമില്ലെന്നും അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.