Latest News

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി: ബിഗ് ബോസ് താരം അഖില്‍മാരാരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പില്‍ കേസ്; രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് പൊലീസ് എഫ്ഐആര്‍ 

Malayalilife
 രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി: ബിഗ് ബോസ് താരം അഖില്‍മാരാരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പില്‍ കേസ്; രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും വ്രണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് പൊലീസ് എഫ്ഐആര്‍ 

രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി ടെലിവിഷന്‍ താരം അഖില്‍മാരാരുടെ പേരില്‍ കൊട്ടാരക്കര പോലീസ് കേസെടുത്തു. ബിഎന്‍എസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഖില്‍മാരാര്‍ക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്‍ അനീഷ് കിഴക്കേക്കര പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പഹല്‍ഗാം ആക്രമണത്തിന്റെയും തിരിച്ചടിയുടെയും പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിലിട്ട അഖില്‍മാരാരുടെ പോസ്റ്റ് സംബന്ധിച്ചാണ് പരാതി നല്‍കിയത്. 

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയുള്ളതാണ് അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനെതിരെ അഖില്‍ സാമൂഹ്യ മാധ്യമം വഴി പ്രതികരിച്ചിരുന്നു. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തര്‍ക്കവും വേണ്ട. എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക്ക് പണയം വെച്ചിട്ടാവരുത് എന്ന് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

യുക്രൈന്‍ പോലൊരു രാജ്യം പോലും അമേരിക്ക പറഞ്ഞത് കേട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മോദിയെയും അഖില്‍ വിമര്‍ശിച്ചിരുന്നു. ഈ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്തു. ഇങ്ങനെ നീക്കം ചെയ്ത പോസ്റ്റിന്റെ പേരിലാണ് അഖിലിനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ അഖില്‍ മാരാരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാവം അഖില്‍ മാരാരെ മിത്രങ്ങള്‍ ഒറ്റ ദിവസം കൊണ്ട് രാജ്യദ്യോഹിയായി പ്രഖ്യാപിച്ചു. ഒന്ന് പോടാപ്പോ, കാര്യാലയത്തില്‍ നിന്നാണല്ലോ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതെന്നാണ് സന്ദീപിന്റെ ചോദ്യം

case against akhil marar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES