മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മ്മകളും അദ്ദേഹത്തോടുള്ള ആരാധനയും പങ്കുവെച്ച് നടന്‍ അപ്പാനി ശരത്. മോഹന്‍ലാല്‍ യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്ന് വ്യക്തമാക്കിയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ഹൃദ്യമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് തത്സമയം കാണാന്‍ കഴിഞ്ഞതും, എ.ആര്‍. റഹ്മാന്റെ മാസ്റ്റര്‍പീസുകള്‍ കാസറ്റില്‍ കേള്‍ക്കാന്‍ കഴിഞ്ഞതുമെല്ലാം നമ്മുടെ തലമുറയുടെ ഭാഗ്യമാണെന്ന് ശരത് കുറിക്കുന്നു.
ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മാന്ത്രിക നിമിഷങ്ങള്‍ എണ്ണിയിരുന്നവര്‍ക്കൊപ്പം മോഹന്‍ലാല്‍ യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതും വലിയൊരു ഭാഗ്യമാണെന്ന് ശരത് പറഞ്ഞു.അപ്പാനി ശരത്തിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പ്:
നമ്മള്‍ പല കാര്യങ്ങള്‍ കൊണ്ടും ഭാഗ്യം ചെയ്തവരാണ്... സച്ചിന്റെ ബാറ്റിംഗ് ലൈവ് കാണാന്‍ കഴിഞ്ഞവര്‍, എ.ആര്‍. റഹ്മാന്റെ മാസ്റ്റര്‍പീസുകള്‍ കാസറ്റില്‍ കേള്‍ക്കാന്‍ കഴിഞ്ഞവര്‍, മെസ്സിയുടെയും റൊണാള്‍ഡോയുടെയും മാജിക് നിമിഷങ്ങള്‍ എണ്ണിയിരുന്നവര്‍... മോഹന്‍ലാല്‍ യുഗത്തില്‍ ജീവിക്കാന്‍ കഴിഞ്ഞവര്‍..
പലവട്ടം കണ്ടിട്ടുണ്ടെങ്കിലും, ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും, നേരില്‍ കാണുന്ന ഓരോ നിമിഷത്തിലും ഉള്ളം കൈ വിറക്കാന്‍ തുടങ്ങും... ശ്വാസം മൂക്കിന്‍തുമ്പില്‍ വന്ന് തങ്ങിനില്‍ക്കും... മുന്നില്‍ നില്‍ക്കുന്നത് തിരശീലകളെ തീപിടിപ്പിച്ച ഒരു പ്രതിഭയാണ്... ഇരട്ടിക്കും അതിനിരട്ടിക്കും കാശ് കൊടുത്ത് ടിക്കറ്റ് എടുക്കാന്‍ എന്നില്‍ ആവേശം നിറച്ച പ്രതിഭാസമാണ്... മലയാളത്തിന്റെ മഹാനടനാണ്..
നന്ദി ലാലേട്ടാ, സ്‌നേഹത്തിന്... ചേര്‍ത്ത് പിടിക്കലുകള്‍ക്ക്... 'എന്താ മോനെ?'' എന്ന സുഖാന്വേഷണത്തിന്... നന്ദി... മലയാളത്തിന്റെ ഏട്ടനായി തുടരുന്നതിന്..!