തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ. മികച്ച നര്‍ത്തകി കൂടിയായ ഭാനുപ്രിയ മലയാളി അല്ലെങ്കിലും കൊച്ച് കൊച്ച് സന്തോഷങ്ങള്‍, അഴകിയ രാവണന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപിരിചിത ആണ്. രണ്ട് സിനിമകളിലും ശ്രദ്ധേയ വേഷമാണ് ഭാനുപ്രിയ ചെയ്തത്. മോഹന്‍ലാലിന്റെ നായികയായി എത്തിയ രാജശില്‍പി എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തിയത്. ആറോ, ഏഴോ മലയാള സിനിമകളില്‍ മാത്രമെ നടി അഭിനയിച്ചിട്ടുള്ളൂവെങ്കിലും നടി നിരവധി മലയാളി ആരാധകരെയാണ് സ്വന്തമാക്കിയത്.
അഭിനേത്രിയെന്ന നിലയില്‍ ഭാനുപ്രിയ പ്രേക്ഷക മനസ്സുകളില്‍ വളരെ ആഴത്തില്‍ തന്നെ ഇടംനേടിയിരുന്നു. എന്നാല്‍ കരിയറില്‍ ഇപ്പോള്‍ പഴയത് പോലെ സജീവമല്ല ഭാനുപ്രിയ. 33 വര്‍ഷം നീണ്ട കരിയറില്‍ 150 ഓളം സിനിമകളില്‍ ഭാനുപ്രിയ അഭിനയിച്ചുവെങ്കിലും ഇപ്പോള്‍ തമിഴ്, തെലുഗു ഭാഷകളിലായി ഏതാനും ചിത്രങ്ങളില്‍ മാത്രമെ നടി അഭിനയിക്കുന്നുള്ളൂ. അതേസമയം, കരിയറിനൊപ്പം ഭാനുപ്രിയയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്തകളില്‍ നിറയാറുണ്ടായിരുന്നു. എന്‍ആര്‍ഐ ബിസിനസ്മാന്‍ ആയ ആദര്‍ശ് കൗശല്‍ ആയിരുന്നു ഭാനുപ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.
വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ആദര്‍ശ് കൗശലിനെ ഉപേക്ഷിക്കാന്‍ ഭാനുപ്രിയ തയ്യാറായില്ല. ആദര്‍ശിനെ വിവാഹം കഴിച്ച് നടി അമേരിക്കയിലേക്ക് താമസം മാറി. 1998 ലായിരുന്നു വിവാഹം. ഇരുവര്‍ക്കും അഭിനയ എന്ന മകളും ജനിച്ചു. എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം ഭാനുപ്രിയ ഈ വിവാഹ ബന്ധം വേണ്ടെന്ന് വെച്ചു. 2005 ല്‍ വിവാഹ മോചിതയായ ഭാനുപ്രിയ മകളോടൊപ്പം ചെന്നൈയിലേക്ക് തിരിച്ച് വന്നു. അഭിനയത്തില്‍ വീണ്ടും ശ്രദ്ധ നല്‍കി. 2018 ലാണ് ഹൃദയാഘാതം മൂലം ആദര്‍ശ് കൗശല്‍ മരിക്കുന്നത്. മങ്കഭാനു എന്നാണ് ഭാനുപ്രിയയുടെ യഥാര്‍ത്ഥ പേര്.
ആന്ധ്രയിലാണ് ജനിച്ചതെങ്കിലും നടിയുടെ കുടുംബം ചെന്നൈയിലേക്ക് താമസം മാറിയിരുന്നു. നടി ശാന്തിപ്രിയ ആണ് ഭാനുപ്രിയയുടെ സഹോദരി. ഭാനു പ്രിയ വിവാഹമോചനം നേടുന്നതിന് തൊട്ടു മുന്‍പത്തെ വര്‍ഷമാണ് ശാന്തിപ്രിയയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് മരിച്ചത്. ഗോപികൃഷ്ണ എന്ന സഹോദരനും ഉണ്ട്. 1983 ല്‍ മെല്ലെ പേസുങ്കള്‍ എന്ന എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ഭാനുപ്രിയ അഭിനയ രംഗത്തേക്ക് കടക്കുന്നത്. സിതാര എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. പിന്നീട് തിരക്കേറിയ നായിക ആയി മാറിയ ഭാനുപ്രിയ ഹിന്ദി സിനിമകളിലേക്കും ചേക്കേറി. അതേ സമയം തെലുങ്ക്, തമിഴ് സിനിമകളിലാണ് ഭാനുപ്രിയക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്.
ആന്ധ്ര സര്‍ക്കാരിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഭാനുപ്രിയക്ക് ലഭിച്ചു. മുമ്പൊരിക്കല്‍ ഭാനുപ്രിയക്കെതിരെ പരാതിയുമായി നടിയുടെ വീട്ടുജോലിക്കാരിയും മകളും രംഗത്ത് വന്നിരുന്നു. ഭാനുപ്രിയയുടെ സഹോദരന്‍ 14 വയസുള്ള മകളെ ശാരീരികമായി ഉപദ്രവിച്ചു. എന്നായിരുന്നു ജോലിക്കാരിയുടെ പരാതി. പിന്നാലെ പ്രതികരണവുമായി ഭാനുപ്രിയ രംഗത്ത് വന്നു. വീട്ടില്‍ നിന്നും മാസങ്ങളായി ജോലിക്കാരിയും മകളും സ്വര്‍ണം മോഷ്ടിക്കുകയായിരുന്നെന്നും 25 പവന്‍ സ്വര്‍ണം മോഷ്ടിക്കപ്പെട്ടെന്നും ആയിരുന്നു ഭാനുപ്രിയ പറഞ്ഞത്. സഹോദരന്‍ ജോലിക്കാരിയെ കൈയോടെ പിടികൂടി.
ഇതോടെ ആണ് വ്യാജ പരാതി ഉന്നയിച്ചതെന്നായിരുന്നു ഭാനുപ്രിയയുടെ വാദം. അതേസമയം 14 വയസുള്ള കുട്ടിയെ ജോലിക്ക് നിര്‍ത്തിയത് നിയമ വിരുദ്ധം അല്ലേയെന്നും അന്ന് നടിക്കെതിരെ ചോദ്യം വന്നിരുന്നു. തമിഴ്, തെലുങ്ക് സിനിമകളില്‍ അമ്മ വേഷമാണ് ഭാനുപ്രിയ ഇപ്പോള്‍ കൂടുതലായും ചെയ്യുന്നത്. മലയാള സിനിമയില്‍ വര്‍ഷങ്ങളായി നടിയെ കാണാറില്ല.