സിനിമാ സെറ്റുകളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം പൊറുക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് വ്യക്തമായ നിലപാട് വ്യക്തമാക്കിയ നടി വിന്‍സി അലോഷ്യസിന് അഭിനന്ദനവുമായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. 'മയക്കുമരുന്ന് ഉപയോഗിക്കുന്നവരോടൊപ്പം സിനിമ ചെയ്യില്ലെന്ന തീരുമാനം വിന്‍സിയെ എല്ലാവര്‍ക്കും മാതൃകയാക്കുന്നു,' എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
പല സ്ത്രീകള്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്ന ഭയത്തില്‍ പലതും ചൂണ്ടിക്കാണിക്കാതെ മിണ്ടാതെ പോവുകയാണ്. പക്ഷേ, 'സിനിമ ഇല്ലെങ്കിലുമെനിക്കെന്ത്, എന്നാലും ഈ അവസ്ഥ സഹിക്കില്ല' എന്ന വിന്‍സിയുടെ തീരുമാനമാണ് തന്റെ ശ്രദ്ധ പിടിച്ചെടുത്തതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. പലരും തുറന്ന് പറയാത്തത് അവര്‍ക്ക് അവസരം നഷ്ടപ്പെടും എന്ന് പേടിയിലാണ്. അവിടെയാണ് വിന്‍സി എല്ലാവര്‍ക്കും മാതൃകയാകുന്നത്. ഇങ്ങനെയാകണം ഒരു വ്യക്തി എന്ന് അവര്‍ തെളിയിച്ചു കാണിച്ചു. വിന്‍സി നല്ലൊരു നടിയാണ്. കയറി വരുന്ന ഒരു പെണ്‍കുട്ടിയാണ്.
ഇത് പെണ്‍കുട്ടികള്‍ക്കു മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും മാതൃകയായി കാണണം. സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് വരുന്നവരുടെ ഒപ്പം സിനിമ ചെയ്യാന്‍ പറ്റില്ലെന്ന് തുറന്ന് പറയണം. ലഹരി ഉപയോഗിക്കുന്നവര്‍ ഉപയോഗിച്ചോട്ടെ. അത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. അത് അവരുടെ സ്വകാര്യ ഇടങ്ങളില്‍ മാത്രം ഉപയോഗിക്കണം. അവരുടെ വീട്ടില്‍ ഉപയേഗിച്ചോ. ഇത് ഉപയോഗിച്ച് ഇവരുടെ കോപ്രായം മറ്റുള്ളവര്‍ സഹിക്കണം എന്ന് പറയുന്നത് എന്ത് ന്യായമാണ്. വിന്‍സി ആരോപണം ഉന്നയിച്ച വ്യക്തിയ്ക്കെതിരെ വ്യവസ്ഥാപിത നടപടി വേണമെന്ന് ആവശ്യപ്പെട്ട്, താരസംഘടനയായ 'അമ്മ', ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സജീവമായി ഇടപെടണം എന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.
ഒരാള്‍ ധൈര്യമായി ചോദ്യം ചെയ്യുമ്പോള്‍ അതിനെ പിന്തുണയ്ക്കാതെ നോക്കുന്ന പ്രവണത സമൂഹത്തില്‍ ഇനിയും ഒഴിവാക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെയുള്ള സൂപ്പര്‍ സ്റ്റാര്‍സിന് വരെ അവരെ അറിയാം. എന്നിട്ടും അവരെ വച്ച് ഇവരൊക്കെ പടങ്ങള്‍ ചെയ്യുന്നു. അവരെ പ്രോത്സാഹിപ്പിക്കാതിരിക്കുക. നീ ഇത് ഉപയോഗിക്കുകയാണെങ്കില്‍ നിനക്ക് ഞങ്ങള്‍ സിനിമ തരില്ല എന്ന ഉറച്ച തീരുമാനമെടുക്കുമ്പോള്‍ അല്ലേ അവരും കുറച്ച് അലര്‍ട്ട് ആകുകയുള്ളൂ. എന്റെ ചീത്ത സ്വഭാവം കാരണമാണ്, എനിക്ക് തൊഴിലില്ലാതെ ആകുന്നത് എന്ന് അവര്‍ക്കും മനസ്സിലാകും. തൊഴില്‍ ആണോ പ്രധാനം അവരുടെ ലഹരി ഉപയോഗമാണോ പ്രധാനം എന്ന് അവര്‍ സ്വയം തീരുമാനിക്കും.
ഇവിടെ ഒരുപാട് നിര്‍മാതാക്കള്‍ ഇത് കണ്ടും കേട്ടും നില്‍ക്കുന്നുണ്ട്. ഷൂട്ടിങ് സമയത്ത് കാരവനകത്ത് കയറി കഴിഞ്ഞാല്‍ മേഘങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രതീതിയാണ്. അത്രയ്ക്ക് പുകയ്ക്കുള്ളിലേക്ക് ആണ് ഒരു നിര്‍മാതാവോ സംവിധായകനോ കയറിച്ചെല്ലുന്നത് എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. ഇതിനൊക്കെ ആര്‍ക്കും ഒരു എതിര്‍പ്പും പ്രതിഷേധവുമില്ല. എന്ത് അദ്ഭുതമാണ്. കാശ് അങ്ങോട്ട് കൊടുത്തിട്ടാണ് ഇവരെ അഭിനയിക്കാന്‍ വിളിക്കുന്നത്. ഇവരോടൊക്കെ ഒരുമിച്ച് നേരിട്ട് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ പറഞ്ഞതാണ് 11-12 മണി കഴിയാതെ ക്യാമറയ്ക്ക് മുന്നില്‍ വരില്ല. വന്നു കഴിഞ്ഞാല്‍ ഒരു ഷോട്ട് എടുക്കും, അടുത്ത ഷോട്ടിനു മുന്‍പ് 5 പുകയെങ്കിലും എടുക്കാതെ ഇവര്‍ക്ക് നില്‍ക്കാന്‍ പറ്റില്ല. ഇവരുടെ കല ഇത് ഉപയോഗിച്ചാലെ പുറത്തുവരു എന്നാണോ? ഇതാണോ ഒരു കലാകാരന്റെ മേന്മ? ഇവര്‍ക്ക് സ്വയം കഴിവ് ഇല്ലേ? ഇത് നിര്‍മാതാക്കള്‍ തീരുമാനിക്കണം. കൂടെ അഭിനയിക്കുന്ന നടന്മാരും നടിമാരും തീരുമാനിക്കണം. ഇവരോടൊപ്പം വര്‍ക്ക് ചെയ്യില്ലെന്ന്. ഒരു നടി പറയുകയാണ് ആ നടന്‍ എന്നോട് അങ്ങേയറ്റം മോശമായി പെരുമാറി എന്ന്.
പക്ഷേ ഞാന്‍ എന്ത് ചെയ്യാനാണ് എനിക്ക് സിനിമ അഭിനയിച്ചു തീര്‍ക്കണമല്ലോ അല്ലെങ്കില്‍ എനിക്ക് സിനിമ ഇല്ലാതെയാകും. ഇങ്ങനെ പറയുന്ന സ്ത്രീകളുടെ ഇടയിലാണ് വിന്‍ സി. എടുക്കുന്ന തീരുമാനം നമ്മള്‍ അംഗീകരിച്ചു കൊടുക്കേണ്ടത്. ആ ഒരു പെണ്‍കുട്ടി എടുക്കുന്ന അത്ര പോലും ധൈര്യം സ്വന്തം പൈസ മുടക്കി എടുക്കുന്ന നിര്‍മാതാവിന് ഇല്ലേ? ഇന്‍ഡസ്ട്രിക്ക് പുറത്ത് ഇതൊക്കെ ഉപയോഗിക്കുന്നവര്‍ ഇഷ്ടംപോലെ ഉണ്ടാകും പക്ഷേ ഇന്‍ഡസ്ട്രിക്ക് അകത്ത് ഇത് വളരെ വ്യാപകമായി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ലഹരി ഉപയോഗം ഒരുപാട് കൂടി വരികയാണ്. അതിന് ഏറ്റവും ശക്തമായ നടപടികള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഒരു പത്രസമ്മേളനം നടത്തിയിട്ട് കാര്യമില്ല, അവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്നാണ് പറയേണ്ടത്. അതിനാണല്ലോ ചേംബറും പ്രൊഡ്യൂസര്‍ അസോസിയേഷനും ഒക്കെ ഉള്ളത് അവര്‍ ശക്തമായി തീരുമാനം എടുക്കുമ്പോഴാണ് കാര്യങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാകുന്നത്. സിനിമ എടുക്കുന്ന ആള് സ്ട്രോങ്ങ് അല്ലെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും?''ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.