Latest News

മകളുടെ വിവാഹവേദിയില്‍ മുഴങ്ങിയത് അച്ഛനെഴുതിയ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീതവിരുന്ന്; ബീയാര്‍ പ്രസാദിന്റെ മകള്‍ വിവാഹിതയായി;അനൂപിന്റെ കൈപിടിച്ച് ഇള ദാമ്പത്യത്തിലേക്ക്

Malayalilife
മകളുടെ വിവാഹവേദിയില്‍ മുഴങ്ങിയത് അച്ഛനെഴുതിയ പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീതവിരുന്ന്; ബീയാര്‍ പ്രസാദിന്റെ മകള്‍ വിവാഹിതയായി;അനൂപിന്റെ കൈപിടിച്ച് ഇള ദാമ്പത്യത്തിലേക്ക്

മൂന്നു വര്‍ഷം മുമ്പാണ് ബീയാര്‍ പ്രസാദ് എന്ന എഴുത്തുകാരനും കവിയുമൊക്കെയായ സാഹിത്യകാരന്‍ ബീയാര്‍ പ്രസാദ് മരണത്തിലേക്ക് പോയത്. അപ്രതീക്ഷിതമായി കടന്നു വന്ന വൃക്കരോഗം ജീവിത താളം തെറ്റിച്ചപ്പോള്‍ അകാലത്തിലായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാട്. കാണാന്‍ കൊതിച്ച കാഴ്ചകളും ജീവിക്കാന്‍ ഏറെ മോഹങ്ങളും ബാക്കിവച്ച് അദ്ദേഹം മരണത്തിലേക്ക് പോയപ്പോള്‍ തനിച്ചായത് ഭാര്യയും മകളും മകനും ആയിരുന്നു. മകള്‍ ജനിച്ച നാളു മുതല്‍ അവളുടെ വിവാഹ സ്വപ്നങ്ങള്‍ മനസില്‍ താലോലിച്ച് കൊണ്ടുനടന്നിരുന്ന അദ്ദേഹം ഇപ്പോള്‍ സ്വര്‍ഗത്തിലിരുന്ന് ആനന്ദ സംഗീതം പൊഴിക്കുകയായിരിക്കും. കാരണം, കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ മകള്‍ ഇള വിവാഹിതയായത്. കൈപിടിച്ചു നല്‍കാന്‍ അച്ഛനില്ലായെന്ന നോവിലും ആ കുറവ് പ്രതിഫലിച്ചു നിന്ന നിമിഷങ്ങളിലും പ്രിയപ്പെട്ടവന്റെ കരം ചേര്‍ക്കല്‍ ഇളയ്ക്ക് ആശ്വാസം പകര്‍ന്നപ്പോള്‍ ആ കാഴ്ച നനുത്ത സന്തോഷമായി മാറുകയായിരുന്നു പ്രിയപ്പെട്ടവര്‍ക്കെല്ലാം.

കഴിഞ്ഞ ദിവസമായിരുന്നു ബീയാര്‍ പ്രസാദിന്റെ മകള്‍ ഇളയുടെ വിവാഹം. അടൂര്‍ ഏനാത്ത് സ്വദേശികളായ രാധാകൃഷ്ണന്‍ ബി.യുടെയും മോനി ഷാജിയുടെയും മകന്‍ അനൂപ് രാധാകൃഷ്ണനാണ് ഇളയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ചങ്ങനാശ്ശേരിയിലെ വര്‍ണാഭമായ കല്യാണ രാവില്‍ ബീയാര്‍ പ്രസാദിന്റെ സാന്നിധ്യം അദ്ദേഹമെഴുതിയ പാട്ടുകളിലൂടെ നിറഞ്ഞു തുളുമ്പുകയായിരുന്നു ആ വേദി മുഴുവന്‍. അതില്‍ ഏറ്റവും നനുത്ത ഓര്‍മ്മയായത് ഇളയുടെ ഇരുപത്തിയെട്ടുകെട്ടു ചടങ്ങില്‍ മകള്‍ക്കായി എഴുതിയ പാട്ടായിരുന്നു. 'ശ്രീലക്ഷ്മിയെന്നോ...രാധയെന്നോ...' എന്നാരംഭിക്കുന്ന ഈ മനോഹരമായ പാട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മുഴങ്ങിയത് ഇളയുടെ വിവാഹച്ചടങ്ങിലാണ്. അത്തരത്തില്‍ ബീയാറിന്റെ പാട്ടുകളായിരുന്നു മകളുടെ വിവാഹച്ചടങ്ങുകളുടെ പശ്ചാത്തലത്തില്‍ മുഴങ്ങിയത്.

അച്ഛന്റെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനമേളയും അച്ഛന്റെ പാട്ടിനൊപ്പം ചിട്ടപ്പെടുത്തിയ മോഹിനിയാട്ടവുമൊക്കെയുണ്ടായിരുന്നു. പല പാട്ടു നിമിഷങ്ങളും മനസില്‍ തട്ടിയപ്പോള്‍ കരയാത്തവരായി ആരുമുണ്ടായിരുന്നില്ല. അച്ഛന്റെ കുഞ്ഞമ്മിണിയായ ഇളയ്ക്ക് അച്ഛനെ ഒരു നോക്കു കാണാനും കെട്ടിപ്പിടിക്കാനും ഒക്കെ തോന്നിയ നിമിഷങ്ങളായിരുന്നു കടന്നു പോയത്. നാല് വര്‍ഷത്തെ സൗഹൃദമാണ് അനൂപിന്റേതും ഇളയുടെയും. എറണാകുളത്ത് ഒരു എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ ഉടമയാണ് അനൂപ്. ഇള പഠനത്തിനായി ചെക്ക് റിപ്പബ്ലിക്കിലേക്കു പോയത് അനൂപിന്റെ കമ്പനി വഴിയാണ്. ഇടയ്ക്ക് അതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ വന്നപ്പോള്‍ പരാതി പറയാന്‍ ഓണറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഓഫീസില്‍ നിന്നു വാങ്ങി വിളിച്ചു സംസാരിച്ചതാണ്. പ്രശ്നം ഉടന്‍ പരിഹരിക്കപ്പെട്ടു. പക്ഷെ, ആ പരിചയം മെല്ലെ സൗഹൃദമായി. പതിയെപ്പതിയെ രണ്ടാളുടെയും മനസ്സില്‍ പ്രണയം മുളപൊട്ടി.

അനൂപാണ് ഇഷ്ടം ആദ്യം തുറന്നു പറഞ്ഞത്. അപ്പോഴേക്കും പഠനം കഴിഞ്ഞ് പഠിച്ച യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് ലക്ചറര്‍ ആയി ഇള ജോലി നേടിയിരുന്നു. വിവാഹം കഴിക്കാം എന്നു തീരുമാനിച്ചതോടെ ഇരുവരും തങ്ങളുടെ വീടുകളില്‍ കാര്യം പറഞ്ഞു. ഫെബ്രുവരിയില്‍ കസിന്റെ വിവാഹത്തിനായി നാട്ടിലെത്തിയ ഇള അനൂപിനെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പരിചയപ്പെടുത്തി. പിന്നീട് കാര്യങ്ങള്‍ വേഗത്തിലായി. രണ്ടു കുടുംബങ്ങളും കാര്യങ്ങള്‍ സംസാരിച്ചുറപ്പിച്ച് വിവാഹത്തിലേക്കെത്തി. ബീയാര്‍ പ്രസാദ് - വിധു ദമ്പതികളുടെ മൂത്ത മകളാണ് ഇള. കവി പ്രസാദാണ് ഇളയുടെ അനിയന്‍. ഇനി നാട്ടില്‍ അനൂപിന്റെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഇളയുടെ തീരുമാനം. രണ്ടാളും കൊച്ചിയിലാണ് താമസിക്കുന്നത്.

മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഒരുപിടി മനോഹരഗാനങ്ങളാണ് ബീയാര്‍ പ്രസാദ് എഴുതിയിട്ടുള്ളത്. ഒന്നാംകിളി പൊന്നാണ്‍കിളി വണ്ണാംകിളി മാവിന്‍മേല്‍, കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട്, മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി, ഒരു കാതിലോല ഞാന്‍ കണ്ടീലാ, കേരനിരകളാടും ഒരു ഹരിത ചാരു തീരം എന്നിങ്ങനെ നിരവധി ഗാനങ്ങള്‍. 2019 ലാണു അദ്ദേഹത്തിനു വൃക്കരോഗം തിരിച്ചറിയുന്നത്. ഡയാലിസിസ് തുടങ്ങി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. സുഹൃത്തുക്കളും ആരാധകരും സഹായിച്ചു. വൃക്ക മാറ്റിവയ്ക്കലായിരുന്നു ഏക പോംവഴി. പാരലല്‍ കോളജിലെ സഹഅധ്യാപകനാണു വൃക്ക നല്‍കിയത്. വീണ്ടും ജീവിതം തളിരിട്ടെന്നു കരുതി ഇരിക്കവേയാണ് 2023 ജനുവരി നാലിന് അദ്ദേഹം മരണത്തിലേക്ക് പോയത്.

beeyar prasad daughter wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES