ഇന്നലെയാണ് പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചത്. ഗാനരചയിതാവ്, നാടകരചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ അറിയപ്പെട്ടത്. നീ കടിച്ചൂ, പാതി തന്നു, കുഞ്ഞുകിനാവിന്‍ കണ്ണിമാങ്ങ' എന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഗാനമാണ് ബീയാര്‍ പ്രസാദിനെ പ്രശസ്തനാക്കിയത്. ഈ ഗാനം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാല സൗഹൃദം ജീവിതത്തിലും പ്രതിഫലിച്ചത്. ഈ പാട്ടിലെഴുതിയതു പോലെ തന്നെ ബീയാര്‍ പ്രസാദിന് ഉടല്‍ തന്നെ പകുത്തു കൊടുത്തിട്ടുണ്ട് സ്‌കൂള്‍ കാലം മുതലേ അറിയുന്ന ഒരു ഇളയ കൂട്ടുകാരന്‍. മൂന്നു വര്‍ഷം മുമ്പാണ് വൃക്ക രോഗത്തെ തുടര്‍ന്ന് അവശനായ ബീയാര്‍ പ്രസാദിന് അജ്ഞാതനായ കൂട്ടുകാരന്‍ തന്റെ വൃക്ക പകുത്ത് നല്‍കിയത്. ആ സുഹൃത്ത് ഇന്നും അജ്ഞാതനായി തുടരുകയാണ്. കൂട്ടുകാരന്റെ വൃക്കയില്‍ ബീയാര്‍ മൂന്ന് വര്‍ഷത്തിലേറെ ജീവിച്ച ശേഷമാണ് അദ്ദേഹത്തെ തേടി മരണമെത്തിയത്.
2003ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സല്‍പ്പേര് രാമന്‍ കുട്ടി, തത്സമയം ഒരു പെണ്‍കുട്ടി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകള്‍ക്ക് ഗാനമെഴുതി. 'കിളിച്ചുണ്ടന്‍ മാമ്പഴ'ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. 'ജലോത്സവ'ത്തില്‍ അല്‍ഫോന്‍സ് സംഗീതം പകര്‍ന്ന കേരനിരകളാടും എന്ന ഗാനരചനയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗാനരചയിതാവായി മാറുകയായിരുന്നു അദ്ദേഹം.
ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി പാട്ടുകളാണ് അദ്ദേഹം രചിച്ചത്. നേര്‍ക്കുനേരെ എന്ന ചിത്രത്തിന് കഥയെഴുതി. 1993ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായ 'ജോണി'ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഏഷ്യാനെറ്റില്‍ സുപ്രഭാതം പരിപാടിയുടെ അവതാരകനായിട്ടായിരുന്നു തുടക്കം. 'തട്ടുംപുറത്തെ അച്യുതനാ'ണ് പാട്ടെഴുതിയ അവസാനചിത്രം. താരസംഘടന അമ്മ അടുത്തയിടെ ദുബായില്‍ അവതരിപ്പിച്ച സ്റ്റേജ് ഷോയില്‍ പഞ്ചഭൂതങ്ങളെ ആലേഖനം ചെയ്തവതരിപ്പിച്ച തീം സോങ് എഴുതിയതും ബീയാറാണ്. 50 വര്‍ഷത്തിനിടെ രചിക്കപ്പെട്ട കേരള തീം പാട്ടുകളില്‍ തെരഞ്ഞെടുത്ത 10 പാട്ടുകളിലൊന്ന് ബീയാറിന്റെ കേരനിരകളാടും എന്ന ഗാനമാണ്.
ഗാനരചയിതാവ് എന്നതിനപ്പുറം നാടകരചയിതാവ്, സംവിധായകന്‍, ആട്ടക്കഥ രചയിതാവ്, പ്രഭാഷകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. സ്വാതി തിരുനാള്‍ സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടക മത്സരത്തില്‍ മങ്കൊമ്പ് വൈഎംപിഎസി അവതരിപ്പിച്ച ഷഡ്കാല ഗോവിന്ദമാരാര്‍ എന്ന നാടകത്തിലൂടെ ഏറ്റവും നല്ല രചയിതാവിനും സംവിധായകനുമുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ക്ഷേത്രകലകളെയും ആചാരങ്ങളെയും സംബന്ധിച്ച് ആഴത്തില്‍ അവഗാഹമുണ്ടായിരുന്ന അദ്ദേഹം മികച്ച പ്രഭാഷകനാണ്. അഷ്ടപദിയിലും പ്രാവീണ്യമുണ്ടായിരുന്നു.
ശരിക്കും ഒരു പ്രതിഭ തന്നെയായിരുന്നു ബീയാര്‍ പ്രസാദ്. കരിയറില്‍ ശോഭിക്കുന്നതിനിടെ അദ്ദേഹത്തെ തളര്‍ത്തിയത് വൃക്കസംബന്ധമായ അസുഖമായിരുന്നു. 2018 ജനുവരിയിലാണ് പ്രസാദിനു വൃക്കരോഗം കണ്ടെത്തിയത്. ആഴ്ചയില്‍ 2 ഡയാലിസിസ് നടത്തിക്കൊണ്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയത്. എന്നാല്‍ ഡയാലിസിസ് അല്ല, വൃക്ക മാറ്റിവയ്ക്കലാണു സ്ഥായിയായ പോംവഴിയെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അനുയോജ്യമായ വൃക്ക ലഭിക്കാതെ വന്നു. ആ പ്രതിസന്ധിയില്‍ നില്‍ക്കെയാണ് സ്വന്തം വൃക്ക നല്‍കാമെന്നു പറഞ്ഞു സുഹൃത്തു മുന്നോട്ടു വന്നത്. പ്രസാദ് വിലക്കിയിട്ടും ആ സുഹൃത്ത് പിന്നോട്ടു പോകാതെ സ്വന്തം തീരുമാനത്തില്‍ ഉറച്ചു നിന്നു. 'തനിക്കു വേണ്ടെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കും' എന്ന മട്ടില്‍ നിര്‍ബന്ധമായി. പരിശോധിച്ചപ്പോള്‍ പ്രസാദിനു ചേരും. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൃക്ക മാറ്റിവയ്ക്കല്‍ നടത്തി. 2019 ഡിസംബറിലാണ് ബീയാര്‍ പ്രസാദിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
സ്‌കൂളില്‍ പ്രസാദിന്റെ ജൂനിയറായിരുന്നു വൃക്ക നല്‍കിയ സുഹൃത്ത്. പിന്നീട് കുറച്ചു കാലം ഒന്നിച്ചു ജോലി ചെയ്തു. കുട്ടിക്കാലം മുതലേ അറിയുമെങ്കിലും ഗാഢബന്ധമില്ലായിരുന്നെന്നു പ്രസാദ് പറഞ്ഞിട്ടുണ്ട്. വൃക്ക നല്‍കുമ്പോള്‍ കൂട്ടുകാരന്‍ ഒന്നേ പറഞ്ഞുള്ളൂ: ഇതു രഹസ്യമായിരിക്കണം. അന്ന് കൂട്ടുകാരനു കൊടുത്ത വാക്ക് ബീയാര്‍ പ്രസാദ് മരണം വരെ കാത്തുസൂക്ഷിച്ചു. ഇന്നും അജ്ഞാതനായി തുടരുകയാണ് ബീയാറിന്റെ ആ ബാല്യകാല സുഹൃത്ത്! മങ്കൊമ്പ് മായാസദനത്തില്‍ പരേതനായ ബാലകൃഷ്ണപണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിധു പ്രസാദ് (പുളിങ്കുന്ന് പഞ്ചായത്തഗം). മക്കള്‍: ഇളപ്രസാദ്, കവിപ്രസാദ്.
അതേസമയം, ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളീയത നിറഞ്ഞുനിന്ന കവിതകളും ഗാനങ്ങളും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു ബീയാര്‍ പ്രസാദ്. മയയാളികള്‍ നെഞ്ചേറ്റിയ ധാരാളം സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഗാനരചയിതാവ്, നാടക രചയിതാവ്, സംവിധായകന്‍, പ്രഭാഷകന്‍, അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ബീയാര്‍ പ്രസാദിന്റെ വിയോഗം നമ്മുടെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളുടെയും ചലച്ചിത്ര പ്രേമികളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശനത്തില്‍ പറഞ്ഞു.