ഓണം വാരാഘോഷം ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയത് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആയിരുന്നു. നടനൊപ്പം നിരവധി താരങ്ങളും യുട്യൂബര്‍മാരുമടക്കം വിവിധ മേഖലകളിലെ പ്രമുഖങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇതില്‍ ബേസില്‍ നടത്തിയ ഉദ്ഘാടന പ്രസംഗം ആണ് ശ്രദ്ധ നേടുന്നത്.മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി.
പണ്ട് നിയമസഭയുടെ മുന്നില്‍ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ പോലീസ് ഓടിക്കുമായിരുന്നുവെന്നാണ് ബേസില്‍ പങ്ക് വച്ചത്. അതെ നിയമസഭയില്‍ അതിഥിയായി എത്തിയെന്നും മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാന്‍ സാധിച്ചെന്നും നടന്‍ പറഞ്ഞു. മാത്രവുമല്ല പോലീസ് അകമ്പടിയില്‍ സ്റ്റേറ്റ് കാറില്‍ താന്‍ ഇവിടെ വന്നതെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
'പണ്ട് നിയമസഭയുടെ മുന്നില്‍ ഫോട്ടോ എടുക്കാന്‍ പോകുമ്പോള്‍ പോലീസ് ഓടിക്കുമായിരുന്നു. ഇന്ന് അതെ നിയമസഭയില്‍ അതിഥിയായി എത്തി മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാന്‍ സാധിച്ചു. മാത്രവുമല്ല പോലീസ് അകമ്പടിയില്‍ സ്റ്റേറ്റ് കാറില്‍ ഇതുവരെ വന്നു', ബേസില്‍ ജോസഫ് പറഞ്ഞു.
ബേസില്‍ ജോസഫിനൊപ്പം തമിഴ് നടന്‍ രവി മോഹനും സംസ്ഥാന സര്‍ക്കാറിന്റെ ഓണം ചടങ്ങില്‍ അതിഥിയായി എത്തിയിരുന്നു. രവി മോഹന്റെ സിനിമകളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യുവതലമുറയിലെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫെന്ന് മുഖ്യമന്ത്രി പറഞ്ഞു.