ടൊവിനോ തോമസിന്റെ നിര്‍മാണത്തില്‍ ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രമാണ് 'മരണമാസ്'. പ്രഖ്യാപനം എത്തിയത് മുതല്‍ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്നത്. അടുത്തിടെ പ്രൊമോഷന്‍ പരിപാടികള്‍ക്കും മറ്റുമായി എത്തുന്ന നടന്‍ എപ്പോഴും തൊപ്പി വെച്ചിരിക്കുന്നത് കണ്ട ക്രിയേറ്റേഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബേസില്‍ തന്നെ വെളിപ്പെടുത്തലുമായി എത്തിയത്. മുടി പുറത്തുകാണിക്കാതായതോടെ പുതിയ ലുക്കിലാണ് താരമെന്ന് എല്ലാവര്ക്കും മനസ്സിലായി.
പുതിയ സിനിമയുടെ മേക്കോവറാണിതെന്ന് സംശയമുയര്‍ന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മരണമാസ് എന്ന ചിത്രത്തിനുവേണ്ടിയാണിതെന്ന് ബേസില്‍ സമ്മതിച്ചു. എന്നാല്‍ തൊപ്പി മാറ്റി പുതിയ ഹെയര്‍ സ്‌റ്റൈല്‍ മേക്കോവര്‍ കാണിക്കാന്‍ തയാറായില്ല. 'ഒരു താജ്മഹല്‍ പണിതുവെച്ചേക്കുവാണ്', 'ഇപ്പൊ പുറത്തുകാണിക്കാന്‍ പറ്റില്ല ഭയങ്കര ബോറാണ്', 'തല ചീഞ്ഞളിഞ്ഞിരിക്കുവാണ് സാര്‍' എന്നെല്ലാമായിരുന്നു പലപ്പോഴും ബേസില്‍ പറഞ്ഞിരുന്നത്.
ഈ രസകരമായ മറുപടികളെല്ലാം ചേര്‍ത്തുവെച്ച് 'മരണമാസ്' ഫസ്റ്റ് ലുക്ക് ഉടനെന്ന കാപ്ഷനോടെ ഒരു വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടൊവീനോ തോമസ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്'. ബേസിലിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍.