Latest News

മകന്‍ മേഘനാഥന് പിന്നാലെ അമ്മയും പോയി; ബാലന്‍ കെ നായരുടെ ഭാര്യ ശാരദാമ്മ വിടവാങ്ങി; സംസ്‌കാരം ഇന്ന് ഷൊര്‍ണ്ണൂരില്‍

Malayalilife
മകന്‍ മേഘനാഥന് പിന്നാലെ അമ്മയും പോയി; ബാലന്‍ കെ നായരുടെ ഭാര്യ ശാരദാമ്മ വിടവാങ്ങി; സംസ്‌കാരം ഇന്ന് ഷൊര്‍ണ്ണൂരില്‍

ഏഴു മാസം മുമ്പ് നവംബറിലായിരുന്നു നടന്‍ മേഘനാഥന്‍ മരണത്തിനു കീഴടങ്ങിയത്. വില്ലനായും സഹനടനായും ഒക്കെ നിരവധ സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ 60 വയസില്‍ കാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. ഇപ്പോഴിതാ, മരണം സംഭവിച്ച് ഏഴാം മാസം മേഘനാഥന്റെ അമ്മയും നടന്‍ ബാലന്‍ കെ നായരുടെ ഭാര്യയുമായ ശാരദാമ്മ വിടവാങ്ങിയിരിക്കുകയാണ്. ഷൊര്‍ണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഷൊര്‍ണ്ണൂര്‍ പരുത്തിപ്രയിലെ വീട്ടു വളപ്പില്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. 83 വയസായിരുന്നു പ്രായം. മകന്‍ മേഘനാഥന്റെ മരണ സമയത്ത് മൃതദേഹത്തിനരികെ ഹൃദയം തകര്‍ന്നാണ് അമ്മ ഇരുന്നിരുന്നത്. അന്നൊക്കെ ആരോഗ്യവതിയായിരുന്ന അമ്മയ്ക്ക് പിന്നീട് സുഖമില്ലാതാവുകയായിരുന്നു.

മേഘനാഥനെ കൂടാതെ മൂന്നു മക്കള്‍ കൂടിയുണ്ട്. എസ്.ടി.വി ചാനല്‍ എം.ഡിയായ ആര്‍.ബി.അനില്‍കുമാര്‍, സ്വര്‍ണ്ണലത, സുജാത, കഴിഞ്ഞ വര്‍ഷം ജൂണില്‍ മരണത്തിനു കീഴടങ്ങിയ ഷൊര്‍ണൂര്‍ കളര്‍ ഹട്ട് സ്റ്റുഡിയോ, ജുവല്‍ ഹട്ട് ഉടമ ആര്‍.അജയകുമാര്‍ എന്നിവരാണ് മക്കള്‍. ആശാറാണി, വിശ്വനാഥന്‍, വിജയന്‍, സുസ്മിത (മിനി), നിഷ എന്നിവരാണ് മരുമക്കള്‍. മകന്‍ മേഘനാഥന്റെയും ഭര്‍ത്താവ് ബാലന്‍ കെ നായരുടേയും മൃതദേഹം സംസ്‌കരിച്ച സ്ഥലത്തു തന്നെയാണ് ശാരദാമ്മയുടേയും മൃതദേഹം സംസ്‌കരിക്കുന്നത്. ഇവരുടെ ഇളയ മകന്‍ ആര്‍.അജയകുമാര്‍ കഴിഞ്ഞ ജൂണിലാണ് മരിക്കുന്നത്. പിന്നാലെ മേഘനാഥനും പോവുകയായിരുന്നു. അടുത്തടുത്ത മാസങ്ങളില്‍ മക്കളുടെ മരണങ്ങള്‍ കാണേണ്ടി വന്ന അമ്മ ആ ഒരു ഹൃദയ വേദനോടെയുമാണ് വിടവാങ്ങിയത്.

മേഘനാഥന്റെ മൃതദേഹത്തിനരികെ നിറകണ്ണുകളോടെ ഇരുന്ന അമ്മ അന്ന് എല്ലാവര്‍ക്കും വേദനയായി മാറിയിരുന്നു. അവസാനമായി മേഘനാദന്റെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ നോക്കികൊണ്ടിരുന്ന ഭാര്യയ്ക്കും മകള്‍ക്കും ഇടയിലേക്കായിരുന്നു അന്ന് ശാരദാമ്മയെ ഇരുത്തിയത്. ഉടനെ പേരക്കുട്ടിയുടെ കൈയില്‍ മുറുകെ പിടിച്ച് മകനെ അവസാന നോക്കുകണ്ടപ്പോള്‍ നിറഞ്ഞു തുളുമ്പുകയായിരുന്നു ആ അമ്മയുടെ കണ്ണുകള്‍. 24 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു പോയെങ്കിലും അതില്‍ നിന്നെല്ലാം കരകയറി മക്കളെ വളര്‍ത്തിയ ഈ അമ്മയ്ക്ക് തൊട്ടടുത്ത മാസങ്ങള്‍ക്കിടെ രണ്ടു മക്കളെയാണ് നഷ്ടമായത്. ആ വേദന സഹിക്കാനാകാതെ കഴിഞ്ഞ മാസങ്ങളില്‍ ജീവിച്ച അമ്മയാണ് ഇപ്പോള്‍ മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. കോഴിക്കോടുകാരനായിരുന്ന അച്ഛന്‍ ബാലന്‍ കെ നായര്‍ ശാരദാമ്മയെ വിവാഹം കഴിച്ചതോടെയാണ് ഷൊര്‍ണ്ണൂരേക്ക് താമസം മാറുന്നത്. തുടര്‍ന്ന് ഇവിടെ വീടുവച്ച് താമസിക്കുകയായിരുന്നു.

balan k nairs wife sharada

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES