ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് ബാല. ബാലയുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി.ഗായിക അമൃത സുരേഷിനെ പ്രണയത്തിലൂടെ വിവാഹം ചെയ്ത ബാല, ഒന്‍പതു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ആ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ വിവാദങ്ങളുടെ തോഴനായി മാറുകയായിരുന്നു. ഏറ്റവും ഒടുവില്‍ ബാല കോകിലയെന്ന തന്റെ മുറപ്പെണ്ണിനെ വിവാഹം കഴിച്ച് വൈക്കത്തേക്ക് താമസം മാറിയത് വരെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്.
തന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ ബാല വിവാഹം കഴിച്ചിരുന്നെന്ന് ഗായിക അമൃത സുരേഷ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായി മാറിയിരുന്നു. നടന്റെ നാലാമത്തെ വിവാഹമാണ് കോകിലയുമായി നടന്നത് എന്നായിരുന്നു ആരോപണം. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് താരം.
'എന്നെ കുറിച്ച് പച്ചക്കള്ളങ്ങളാണ് പറയുന്നത്. ഞാനെന്താ നാല് കെട്ടിയവനാണോ? നാല് കെട്ടിയാലും കുഴപ്പമൊന്നുമില്ല. ഞാന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെ ആളാണ് കോകില. ആദ്യം പ്രണയിച്ച ആളുമായി കോകില ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ആദ്യ പ്രണയമായ ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് പറഞ്ഞു. അവള്‍ എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു.
ചന്ദന സദാശിവ റെഡ്ഡിയുമായി താന്‍ ആറാം ക്ലാസുമുതല്‍ ഒന്നിച്ച് പഠിച്ചതാണ് എന്നാണ് ബാല പറയുന്നത്. 21ാം വയസില്‍ സര്‍ട്ടിഫിക്കറ്റിനായാണ് വിവാഹം കഴിച്ചതെന്നും പിന്നീട് ആ വിവാഹം പിന്‍വലിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം അമൃതയോട് താന്‍ പറഞ്ഞിട്ടുണ്ട്. ചന്ദനയുമായി ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ടെന്നും വിവാദങ്ങളുണ്ടായപ്പോള്‍ ഇത് പറഞ്ഞ് ഞങ്ങള്‍ ചിരിച്ചെന്നുമാണ് ബാല പറയുന്നത്. താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെയാളാണ് കോകിലയെന്നും ബാല കൂട്ടിച്ചേര്‍ത്തു.
റെഡ്ഡി, റെഡ്ഡി എന്ന് പറയുന്നുണ്ടല്ലോ. റെഡ്ഡി എന്ന് പറഞ്ഞാല്‍ തെലുങ്ക്, പിന്നെ എന്തിനാണ് കര്‍ണാടക എന്ന് പറയുന്നത്. ഈ വാര്‍ത്തകളൊക്കെ വന്നപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. ചന്ദന എന്നെ വിളിച്ചിരുന്നു യുഎസില്‍ നിന്ന്.'- ബാല പറഞ്ഞു.
കോകില തന്റെ മാമന്റെ മകളാണെന്നും മുറപ്പെണ്ണാണെന്നുമാണ് നേരത്തേ ബാല പറഞ്ഞത്. എന്നാല്‍ കോകികലയുടെ കുടുംബത്തിലെ ആരും വിവാഹത്തില്‍ പങ്കെടുത്തില്ലെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഒക്കെ ഉയര്‍ന്നിരുന്നു. ഇത്തരം ചര്‍ച്ചകളോടും നടന്‍ പ്രതികരിച്ചു. 'കോകിലയുടെ അച്ഛന് അവരുടെ വിവരങ്ങളൊന്നും പുറത്ത് പറയാന്‍ താത്പര്യമില്ല. അവള്‍ മാമ പൊണ്ണ് എന്ന് തന്നെ ഇരിക്കട്ടെ. കോകിലയുടെ അച്ഛന്‍ രാഷ്ട്രീയത്തിലുള്ളയാളാണ്. വലിയ കുടുംബത്തില്‍ നിന്ന് തന്നെയാണ് അവളും വരുന്നത്. ആസ്തിയുടെ വിഷയം ഞാന്‍ പറഞ്ഞ് പോയി, അറിയാതെ അബദ്ധം പറ്റി. കോകിലയും ചെറിയ കുടുംബത്തില്‍ നിന്നുള്ള ആളല്ല.
ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. അന്ന് അറസ്റ്റിലായപ്പോള്‍ ആരോഗ്യപ്രശ്‌നമുണ്ടായി. പുലര്‍ച്ചെ അഞ്ച് മണിക്കാണ് അറസ്റ്റ് ചെയ്തത്. അന്ന് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരു കുട്ടിയുടെ ഫീസിനുള്ള ചെക്ക് എഴുതിക്കൊടുത്താണ് പോയത്. ഞാന്‍ സ്‌നേഹിച്ചാല്‍ അത്രയും സ്‌നേഹിക്കും. ദേഷ്യപ്പെട്ടാല്‍ അത്രയും ദേഷ്യത്തോടെ പ്രതികരിക്കും. ഓപ്പറേഷന് ശേഷം ഏപ്രില്‍ 1 മുതല്‍ 10 വരെ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്താണ് ഞാന്‍ കോകിലയുടെ സ്‌നേഹം എന്താണെന്ന് മനസിലാക്കുന്നത്. ഞാന്‍ ഇത്ര ആരോഗ്യവനായി ഇരിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി കോകിലയാണ്. ഒരു ആണ് മുന്നോട്ട് പോകണമെങ്കില്‍ ഒരു പെണ്ണ് കൂടെ ഉണ്ടായിരിക്കണം.
ഓപ്പറേഷന്‍ കഴിഞ്ഞ് ജീവതം തിരിച്ചുകിട്ടിയപ്പോള്‍ എല്ലാം മാറുമെന്ന് കരുതി. എന്നാല്‍ അതിന് ശേഷമാണ് ഞാന്‍ വലിയ നരകം അനുഭവിച്ചത്. കോകില വന്ന ശേഷം, കുടുംബം ആയതിന് ശേഷം എല്ലാം നന്നായി', ബാല പറഞ്ഞു.
എലിസബത്തുമായുള്ള വിവാഹം നിയമപരമായി നടന്നിട്ടില്ലെന്നും ബാല പറയുന്നു. എലിസബത്ത് എപ്പോഴും നന്നായിരിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താന്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ കിടന്നപ്പോള്‍ തന്നെ സഹായിച്ചതിന് എലിസബത്തിനോട് നന്ദിയുണ്ടെന്നും ബാല പറയുന്നു. എലിസബത്ത് ഗോള്‍ഡ് ആണ്. അവള്‍ നന്നായിരിക്കണം എന്നും ബാല വ്യക്തമാക്കി.