മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' എന്ന ചിത്രം ആകാംഷകൾക്ക് ഒടുവിൽ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ ആറാട്ട് വൻ ഹിറ്റ് ചിത്രമായി മാറുമെന്നുള്ള പ്രവചനങ്ങളൊക്കെ വന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായിട്ടുള്ള ചില വേർപാടുകൾ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ വല്ലാതെ വേദനയിലാക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ആറാട്ട് റിലീസിനെ പറ്റിയും ജയന്റെ കൂടെ മുൻപ് സിനിമകൾ ചെയ്തതിനെ പറ്റിയും ബി കെ ഹരിനാരായണൻ തുറന്ന് പറയുന്നത്.
'നന്ദഗോപന്റെ ആറാട്ട്' ഇറങ്ങുകയാണ്. സിനിമാപ്പാട്ടെഴുത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്ന ഗുരുനാഥനാണ് ഉണ്ണി സാർ. അവിടന്നങ്ങോട്ട് ഓരോ വഴിത്തിരിവിലും താങ്ങും, തണലും തന്നയാളാണ്. എപ്പോഴും, സാറിന്റെ സിനിമയിറങ്ങുന്നതിന്റെ തലേന്ന് ഹൃദയം ഇത്തിരി കൂടുതൽ മിടിയ്ക്കാറുണ്ട്. ഉണ്ണിസാറിന്റെ ഓരോ സിനിമ റിലീസിന്റെ തലേന്നും അവന്റെ കോൾ വരും. 'ഡോ നീ എവിടെയാ.. നാളെ രാവിലെ എത്തില്ലേ?
റിലീസിനു തൊട്ടുമുമ്പുള്ള എല്ലാ ജോലികളും കഴിഞ്ഞ് കോലഴിയിൽ എത്തിയിട്ടേ ഉണ്ടാവൂ അവനപ്പോൾ.
പിറ്റേന്ന് കാലത്ത് പൂവണി ക്ഷേത്രത്തിലും വടക്കുംനാഥനിലും ഒക്കെ തൊഴുത് ആദ്യ ഷോ യ്ക്ക് അരമണിക്കൂർ മുന്നെയെങ്കിലും അവൻ തീയറ്ററിൽ എത്തും. ബൈജു ഉറപ്പായും കൂടെ കാണും. 'ഡാ ഷമീർ ഇപ്പൊ എത്താമെന്ന് പറഞ്ഞിട്ടുണ്ട്' സ്വന്തം സിനിമ ഇറങ്ങുന്നതിനേക്കാൾ വലിയ ടെൻഷനാവും ആ മുഖത്ത്. പടം തുടങ്ങി കഴിഞ്ഞാൽ, ശ്രദ്ധ മുഴുവൻ കാണികളുടെ മുഖത്താണ്. ഇൻട്രോ വർക്കായിട്ടില്ലേ? ആ തമാശക്ക് ചിരി ഉണ്ടായില്ലേ? ആളുകൾക്ക് ലാഗ് ഫീൽ ചെയ്യുന്നുണ്ടോ? അങ്ങനെ നൂറായിരം ചിന്തകളാണ്.
ഇന്റർവെൽ ആയാൽ പലേടത്തേക്കും ഫോൺ വിളിച്ച് ചോദിക്കലാണ്. അവിടെ എങ്ങിനെ? അപ്പുറത്തേ തിയ്യറ്ററിൽ ആളുകളുണ്ടോ? ഇന്ന സീനിലെ ഡയലോഗിന് കയ്യടിയുണ്ടോ? ഈ സ്ഥലത്ത് ലാഗ് തോന്നിയോ? തിരിച്ച് കയറുമ്പോഴും ടെൻഷാനാണ് ആ മുഖത്ത്. കഴിഞ്ഞ് ഇറങ്ങുമ്പോൾ നമ്മളോട് പലവട്ടം ചോദിക്കും എങ്ങിനെ എന്ന്. പിന്നെ 'എന്നാ നീ വിട്ടോ, സാറ് വിളിക്കുന്നു' എന്നു പറഞ്ഞ് അടുത്ത ഫോണിലേക്ക് കടക്കും. സെക്കൻഡ് ഷോ യ്ക്ക് ആള് കയറി കഴിഞ്ഞേ തിയ്യറ്റർ പരിസരത്തു നിന്ന് വീട്ടിലേക്ക് മടക്കമുള്ളു. അടുത്ത ഒരാഴ്ചയോളം ഇത് തന്നെയാവും ദിനചര്യ.
വിരിഞ്ഞ പൂവിന് കാവൽ നിൽക്കുന്ന ചിത്രശലഭത്തെ പോലെ സിനിമക്ക് ചുറ്റും കാവലായി അവൻ. ഇന്നലെ ആ പതിവു വിളി ഇല്ല. പക്ഷെ ഇന്നു മുതലുള്ള ഓരോ ഷോയ്ക്കും കാവലായി ഞങ്ങൾക്കൊപ്പം, സിനിമയ്‌ക്കൊപ്പം അവനുണ്ടാകും. ഒൻപതു ഗണങ്ങളിലും പെടാത്ത അദൃശ്യ മാലാഖയെപ്പോലെ. ഉണ്ണി സാറിന്റെടുത്ത് കൊണ്ടു പോയി പരിചയപ്പെടുത്തി ആദ്യമായി സിനിമയുടെ ഭാഗമാക്കിയവനാണ്. ഓരോ പാട്ടു വരുമ്പോഴും എഴുതുമ്പോഴും ആദ്യം വിളിച്ചു പറഞ്ഞിരുന്നത് അവനോടാണ്. ജയൻ, നിനക്കുള്ള ഓരോ പ്രിയപ്പെട്ടവരുടേയും പ്രാർത്ഥന കൂടിയാണ് 'ആറാട്ട്'..