ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്ട സിനിമയായ അവഞ്ചേഴ്‌സ് പരമ്പരയിലെ ഏറ്റവും അവസാനത്തെ സിനിമയായ അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം വീണ്ടും ഇന്ത്യയിൽ റിലീസ് ചെയ്യുന്നു. റെക്കോർഡ് കളക്ഷനാണ് ലോകമെമ്പാടു നിന്നും ചിത്രം നേടിയത്. ഇതിന് പിന്നാലെയാണ് ചിത്രം ഇന്ത്യയിൽ വീണ്ടും പ്രദർശനത്തിന് എത്തുക. മറ്റ് രാജ്യങ്ങളിലെ ചില തീയേറ്ററുകളിലെ റി- റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് ചിത്രം ഇന്ത്യയിലും വീണ്ടും റിലീസ് ചെയ്യുന്നത്.
ആദ്യം റിലീസ് ചെയ്ത ചിത്രത്തിൽ പുതിയ ചില രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം വീണ്ടും എത്തുന്നത്. സമയ ദൈർഘ്യം കാരണം ചില രംഗങ്ങൾ ഒഴിവാക്കിയായിരുന്നു അവഞ്ചേഴ്‌സ് എൻഡ് ഗെയിം ആദ്യം റിലീസ് ചെയ്തത്. ആരാധകരെ അദ്ഭുതപ്പെടുത്തുന്ന രംഗങ്ങളും പുതിയ പതിപ്പിലുണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
എൻഡ് ക്രഡിറ്റിലാണ് പുതിയ രംഗങ്ങൾ കാണുക. 2.766 ബില്യൺ ഡോളർ ആണ് അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം ഇതുവരെയായി സ്വന്തമാക്കിയിരിക്കുന്നത്. അവഞ്ചേഴ്‌സ് എൻഡ് ഗെയിമിന് മുന്നിലുള്ള അവതാർ 2.788 ബില്യൺ ഡോളറാണ് നേടിയത്. കളക്ഷന്റെ കാര്യത്തിൽ ഇന്ത്യയിൽ ബോളിവുഡ് ചിത്രങ്ങളെയും അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം പിന്നിലാക്കിയിരുന്നു. അതേസമയം തെന്നിന്ത്യൻ സിനിമയായ ബാഹുബലിയെ മറികടക്കാൻ അവഞ്ചേഴ്‌സ് എൻഡ്‌ഗെയിമിനു കഴിഞ്ഞിരുന്നില്ല.