ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായി ആനന്ദ് ഏകർഷിയുടെ ചേംബർ ഡ്രാമ, 'ആട്ടം' പ്രദർശിപ്പിച്ചു. മേളയിൽ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഡിസംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ചലച്ചിത്രമേള ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ അടയാളപ്പെടുത്തുന്നു.
ജോയ് മൂവി പ്രൊഡക്ഷൻസിന് കീഴിൽ അജിത് ജോയ് നിർമ്മിച്ച ‘ആട്ടം’ ചേംബർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. നിരവധി സങ്കീർണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സസ്പെൻസുകൾ ഒന്നൊന്നായി അനാവരണം ചെയ്യുന്നു. വിനയ് ഫോർട്ട്, സെറിൻ ശിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരും നാടകരംഗത്ത് സമ്പന്നമായ പശ്ചാത്തലമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ഉൾപ്പെടുന്ന ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.
2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിപ്രായവും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ മികച്ച ചിത്രത്തിനുള്ള അവാർഡും നേടിയ ചിത്രം ഇന്ത്യൻ പനോരമയിൽ ഉൾപ്പെടുത്തിയത് അഭിമാനകരമാണ്.
അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനാനന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും വരികളും ബേസിൽ സി.ജെയും ശബ്ദമിശ്രണം ജിക്കു എം. ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു. യെല്ലോടൂത്ത്‌സിന്റേതാണ് പബ്ലിസിറ്റി ഡിസൈനുകൾ. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രൻ മാർക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നു.