താരസംഘടനയായ 'അമ്മ'യ്ക്കുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും ചേരിപ്പോരും കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ ഭാരവാഹികള്‍ക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കി. സംഘടനയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നീന കുറുപ്പ്, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെയാണ് ഫോണ്‍ സംഭാഷണങ്ങളും ശബ്ദരേഖകളും അടങ്ങുന്ന കൃത്യമായ തെളിവുകളോടെ അതുല്യ നിയമനടപടിക്ക് ഒരുങ്ങുന്നത്. തന്നെ കള്ളക്കേസിലും അപവാദത്തിലും കുടുക്കി ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ഈ മൂവര്‍സംഘം ചേര്‍ന്ന് വലിയൊരു തിരക്കഥ സൃഷ്ടിച്ചുവെന്നാണ് അതുല്യ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
അമ്മയുടെ ട്രഷററായ ഉണ്ണി ശിവപാലിനെതിരെ അതുല്യ ആദ്യം ഉന്നയിച്ച തൊഴില്‍ പീഡന പരാതിയാണ് സംഘടനയിലെ അസ്വാരസ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചത്. ഈ പരാതിക്ക് പിന്നാലെ അതുല്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അടിയന്തരമായി കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ പിരിച്ചുവിടല്‍ റദ്ദാക്കുകയും അതുല്യയെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍, ഉണ്ണി ശിവപാലിനെ സംരക്ഷിക്കുന്നതിനായി കുക്കു പരമേശ്വരനും നീന കുറുപ്പും ചേര്‍ന്ന് തന്നെ ഹണിട്രാപ്പില്‍ പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് അതുല്യയുടെ പുതിയ പരാതി. അതുല്യയുമായി തനിക്ക് അപകീര്‍ത്തികരമായ ബന്ധമുണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പറയാന്‍ സംഘടനയുടെ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദിനെ കുക്കു പരമേശ്വരന്‍ നിര്‍ബന്ധിച്ചതായി അതുല്യ ആരോപിക്കുന്നു.
എന്നാല്‍ താന്‍ ഇങ്ങനെയൊരു കഥയെക്കുറിച്ച് അറിഞ്ഞിട്ടേയില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ വ്യക്തമാക്കിയതോടെയാണ് ഈ ഗൂഢാലോചന പൊളിഞ്ഞത്. അതുല്യയെ ഹണിട്രാപ്പില്‍പ്പെടുത്തി നാണംകെടുത്താന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ സമ്മതിക്കുന്ന ഓഡിയോ സന്ദേശവും കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയോടൊപ്പം അതുല്യ സമര്‍പ്പിച്ചിട്ടുണ്ട്. ജോലിയില്‍ തിരിച്ചെടുത്തെങ്കിലും ഓഫീസില്‍ വരാതെ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് പ്രസിഡന്റ് ശ്വേതാ മേനോന്‍ നിര്‍ദ്ദേശിച്ചതെന്നും, കള്ളക്കഥ പൊളിഞ്ഞിട്ടും കുക്കു പരമേശ്വരന്‍ ഇപ്പോഴും ഓഫീസില്‍ കയറിയിറങ്ങുമ്പോള്‍ ഇരയായ താന്‍ വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യമാണെന്നും അതുല്യ പറഞ്ഞു. തന്നെ പുറത്താക്കിയ ദിവസം മുതല്‍ നീനാ കുറുപ്പ് നിരന്തരം ഫോണില്‍ വിളിച്ച് പുതിയ ജോലി നോക്കാന്‍ ധൃതി കൂട്ടിയെന്നും, തന്റെ നീക്കങ്ങള്‍ മനസ്സിലാക്കാനും സ്വാധീനിക്കാനും വേണ്ടിയായിരുന്നു ഈ ഇടപെടലുകളെന്നും അതുല്യ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഘടനയുടെ മുന്നോട്ടുപോക്കിനെത്തന്നെ ബാധിച്ച ഈ തര്‍ക്കങ്ങളുടെ യഥാര്‍ത്ഥ തുടക്കം ഫെബ്രുവരി 14-ന് നടന്ന 'അമ്മ' കുടുംബസംഗമത്തിന്റെ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമായിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാര്‍ പ്രസിഡന്റായ വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് പരിപാടി സ്പോണ്‍സര്‍ ചെയ്തത്. ഒരു മതസ്ഥാപനത്തില്‍ നിന്നും വിവാദ വ്യക്തികളില്‍ നിന്നും സംഘടന സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിനെ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി എതിര്‍ത്തിരുന്നു.
കുടുംബസംഗമത്തിന് പിന്നാലെ അന്‍സിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാലാണ് അന്‍സിബ രാജിവെച്ചതെന്ന് പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞിരുന്നെങ്കിലും, നടന്‍ ടിനി ടോം തനിക്കെതിരെ മോശം കഥകള്‍ ഉണ്ടാക്കിയതും താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് വരുത്തിത്തീര്‍ത്തതുമാണ് രാജിയെന്ന് അന്‍സിബ പിന്നീട് തുറന്നടിച്ചു. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ എസ്ഐക്കുമെതിരെ അന്‍സിബ നല്‍കിയ പരാതി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡിജിപിക്ക് കൈമാറിയതിന് തൊട്ടുപിന്നാലെയാണ്, ജീവനക്കാരിയുടെ പരാതിയിലൂടെ 'അമ്മ'യിലെ ഭാരവാഹികള്‍ വീണ്ടും കടുത്ത നിയമക്കുരുക്കിലേക്ക് നീങ്ങുന്നത്.