2009ല്‍ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ആസിഫലി. അതിനു ശേഷം നിരവധി മലയാള സിനിമകളില്‍ ആസിഫ് ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ ഹിമമഴയില്‍ എന്ന ആല്‍ബത്തിലെ ആസിഫലി അഭിനയിച്ച 'ആദ്യമായി' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി.
തന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ആസിഫലി വീണ്ടും എത്തുന്നു.ആസിഫ് അലി നായകനാകുന്ന അണ്ടര്‍വേള്‍ഡിന്റെ പൂജ നടന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്താ മേനോനാണ് നായിക. ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ ലാല്‍, കേതകി നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും ആയിരുന്നു ആസിഫിന്റെ അവസാന സിനിമ.