കഴിഞ്ഞവര്‍ഷം ഒരു ചടങ്ങിനിടെ നടന്‍ ആസിഫ് അലിയോടുള്ള സംഗീതസംവിധായകന്‍ രമേശ് നാരായണന്റെ പെരുമാറ്റം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആസിഫ് അലിയില്‍ നിന്ന് രമേശ് നാരായണന്‍ അവാര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിച്ചതായിരുന്നു വലിയ വിവാദത്തിന് വഴിവെച്ചത്.
ഇപ്പോഴിതാ പരസ്പരം ആശ്ലേഷിക്കുന്ന ആസിഫ് അലിയും രമേശ് നാരായണന്റെ വീഡിയോയാണ് വൈറലാകുന്നത്.
മുഖ്യമന്ത്രി നടത്തിയ ഇഫ്താര്‍ വിരുന്നില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. 'ഞാന്‍ എന്താ പറയുക നിങ്ങളോട്' എന്ന് ആസിഫ് സ്‌നേഹപൂര്‍വ്വം രമേശ് നാരായണനോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. മനോരഥങ്ങളുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്.
എന്നാല്‍ ആസിഫ് അലിയില്‍ നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും രമേശ് നാരായണനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. പിന്നാലെ രമേഷ് നാരായണന്‍ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു.
ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എന്നത് തനിക്കറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ പൊതുസമൂഹത്തോടും ആസിഫിനോടും മാപ്പ് ചോദിക്കുന്നു വെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ മേലുള്ള സ്‌നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലി അന്ന് ഈ വിഷയത്തോട് പ്രതികരിച്ചത്.