പഹല്‍ഗാം ഭീകരാക്രമണത്തില്‍ അച്ഛന്‍ എന്‍ രാമചന്ദ്രന്‍ കണ്മുന്നില്‍ വെടിയേറ്റു വീഴുന്നതിനു സാക്ഷിയായിട്ടും ധൈര്യം ചോര്‍ന്നുപോവാതെ, പകച്ചുനില്‍ക്കാതെ, സമയോചിതമായി കൂടെയുള്ള രണ്ടുമക്കളെയും ചേര്‍ത്തുപിടിച്ച് ദുര്‍ഘടമായ പാതകള്‍ താണ്ടിയോടിയ ആരതിയെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ മലയാളികള്‍. എങ്കിലും ആ കുടുംബത്തിനുണ്ടായ വേദനയില്‍ കേരളം മുഴുവന്‍ പങ്കുചേരുമ്പോള്‍ മങ്ങാട്ട് വീടിന്റെ മുറ്റത്ത് വിങ്ങിപ്പൊട്ടുകയാണ് നടന്‍ ശങ്കര്‍. നേരം സിനിമയിലൂടെ ശ്രദ്ധ നേടിയ ശങ്കറിന്റെ അച്ഛന്‍ ഇന്ദുചൂഡന്റെ കസിന്‍ ആണ് കൊല്ലപ്പെട്ട രാമചന്ദ്രന്‍.
'ആരതി ചേച്ചി വളരെ ധൈര്യപൂര്‍വം ഈ ദുരവസ്ഥയെ നേരിട്ടു. അതിനു ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ചേച്ചിയുടെയും കുട്ടികളുടെയും കണ്മുന്നില്‍ വച്ചാണ് അങ്കിളിനു വെടിയേറ്റത്. നടന്ന സംഭവത്തിന്റെ ഷോക്കില്‍ കുട്ടികളെയും വാരിയെടുത്ത് ചേച്ചി കാട്ടിനുള്ളിലേക്ക് ഓടുകയായിരുന്നു. ഷീല ആന്റിക്ക് ചെറിയ ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ ആന്റി കാറില്‍ തന്നെ ഇരിക്കുകയായിരുന്നു. എങ്ങനെയൊക്കെയോ ഓടി ചേച്ചി അമ്മയുടെ അടുത്തെത്തി വിവരം പറഞ്ഞു. പക്ഷേ, ആന്റിക്ക് ഹൃദയസംബന്ധമായ അസുഖം ഉള്ളതുകാരണം ചേച്ചി അച്ഛന്റെ മരണവാര്‍ത്ത പറഞ്ഞില്ല. നാട്ടില്‍ എത്തുന്നതുവരെ അങ്കിളിന്റെ മരണവിവരം ഷീല ആന്റി അറിഞ്ഞില്ല. രണ്ടു പിഞ്ചു കുട്ടികളെയും കൊണ്ട് ഈ അവസ്ഥയെ അതിജീവിച്ച ചേച്ചിയെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടത്! ചേച്ചിയും കുട്ടികളും ഇപ്പോഴും മുന്നില്‍ കണ്ട സംഭവത്തിന്റെ ഷോക്കിലാണ്. കണ്മുന്നില്‍ വച്ച് അച്ഛന്‍ പിടഞ്ഞുവീണതും കുഞ്ഞുങ്ങളുമായി തോക്കിനു മുന്നില്‍ നിസ്സഹായയായി നിന്നതും ചേച്ചിക്ക് എങ്ങനെ മറക്കാന്‍ കഴിയും?,' എന്നാണ് മാധ്യമങ്ങളോടു പ്രതികരിക്കവേ ശങ്കര്‍ ഇന്ദുചൂഡന്‍ പറഞ്ഞത്.
'ഏപ്രില്‍ 22-ന് കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിഷ്‌കരുണം കൊല്ലപ്പെട്ട എന്റെ പ്രിയപ്പെട്ട അമ്മാവന്‍ എന്‍. രാമചന്ദ്ര മേനോന്റെ ദാരുണവും അകാലവുമായ വിയോഗം ഹൃദയം തകര്‍ത്തു. ഭാര്യയോടും മകളോടും പേരക്കുട്ടികളോടും ഒപ്പം സമാധാനപരമായ ഒരു അവധിക്കാലം ആഘോഷിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെല്ലാം ഞെട്ടലിലും ദുഃഖത്തിലും ആഴ്ന്നിരിക്കുകയാണ്. അങ്ങേയറ്റം ഊഷ്മളതയും ജ്ഞാനവും അന്തസ്സും ഉള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അറിയുന്ന എല്ലാവരും വളരെയധികം സ്നേഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ ഒരു ദുരന്തം മാത്രമല്ല, നിരപരാധികളായ പൗരന്മാരുടെ ജീവിതത്തിന്റെ ദുര്‍ബലത കൂടിയാണ് കാണിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നമുക്ക് ശക്തി കണ്ടെത്താം,' എന്നാണ് അമ്മാവന് അനുശോചനം രേഖപ്പെടുത്തി ശങ്കര്‍ കുറിച്ചത്.
അതേസമയം, എന്‍. രാമചന്ദ്രന് കണ്ണീരോടെയാണ് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകിയത്. പൊതുദര്‍ശനത്തിനു ശേഷം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഗണഗീതം ചൊല്ലിക്കൊണ്ടാണ് രാമചന്ദ്രന് വിടനല്‍കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.