എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂര്‍ സിനിമ എന്റര്‍ടൈന്‍മെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എമ്പുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടര-മൂന്ന് മണിക്കൂര്‍ വിനോദത്തിനായി മാത്രമായി സിനിമയെ കാണുക. സിനിമയുടെ സ്വാധീനം എത്രത്തോളം വേണമെന്ന് തീരുമാനിക്കാന്‍ പറ്റുന്നത് നമുക്കാണ്. ആ തീരുമാനം നമ്മുടെ കൈയിലായിരിക്കണം. സിനിമയായായും നമ്മുടെ ചുറ്റുപാടുകളായാലും നമ്മളെ സ്വാധീനിക്കാന്‍ പറ്റുന്നത് എന്താണെന്ന് നമുക്ക് തിരഞ്ഞെടുക്കാം. വീട്ടില്‍ ഇരുന്ന് അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് സോഷ്യല്‍മിഡിയയില്‍ എഴുതുമ്പോള്‍ വരുംവരായ്കളെക്കുറിച്ച് ചിന്തിക്കുന്നില്ല. നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് പറയും. ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെ. അതിന്റെ ഒരു വകഭേദമാണ് സോഷ്യല്‍മീഡിയയില്‍ കാണുന്നത്. സോഷ്യല്‍മീഡിയ ആക്രമണം എന്നത് ഒരു തവണ അനുഭവിച്ചാലേ അറിയുകയുള്ളൂവെന്നും ആസിഫ് അലി പറഞ്ഞു.
സിനിമാ താരം ഹരീഷ് പേരടി കുറിച്ചത് ഇങ്ങനെയാണ്. ഒരു സര്‍വ്വകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങള്‍ക്ക്കൂടി മാതൃകയാകുന്ന രീതിയില്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി സഖാവിന്..സഖാവേ..ഒരു കലാ സൃഷ്ടിയുടെ പേരില്‍ സമാനതകളില്ലാത്ത രീതിയില്‍ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ തുടരുന്നത്...ഇതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കാനുള്ള സമയമല്ലിത് എന്ന് ഞാന്‍ കരുതുന്നു.. ഇത് തുടര്‍ന്ന് പോകുന്നത് നമ്മള്‍ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മത സൗഹാര്‍ദ്ധത്തിനും സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ നിലനില്‍പ്പിനും കോട്ടം തട്ടുന്നതാണ് ..അതിനാല്‍ എത്രയും പെട്ടന്ന് ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും മറ്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഒരു സര്‍വ്വകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങള്‍ക്ക്കൂടി മാതൃകയാകുന്ന രീതിയില്‍ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്...ഒരു കലകാരന്റെ സാമൂഹിക ഉത്തരവാദിത്വമാണ് ഇവിടെ രേഖപ്പെടുത്തിയത് എന്ന ഉറച്ച വിശ്വാസത്തോടെ..ഹരീഷ് പേരടി .
എമ്പുരാന്റെ ഉള്ളടക്കത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം വീണ്ടും പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാലും അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.