നടി ആശാ ശരത്തിന്റെ ഇളയ മകള്‍ കീര്‍ത്തനയുടെ വിവാഹനിശ്ചയ ചടങ്ങുകളുടെ വിഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ ഒന്നടങ്കം പങ്കെടുത്ത താരസമ്പന്നമായ ചടങ്ങിലെ വൈകാരികവും രസകരവുമായ നിമിഷങ്ങളാണ് താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. വിവാഹനിശ്ചയ വേഷത്തിലെത്തിയ കീര്‍ത്തനയെ ആദ്യമായി കാണുന്നതും വിവാഹ തീയതി പ്രഖ്യാപിക്കുന്നതുമടക്കമുള്ള ഹൃദ്യമായ നിമിഷങ്ങള്‍ വിഡിയോയിലുണ്ട്.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും ആശാ ശരത് നന്ദി അറിയിച്ചു. 'എന്റെ മക്കളെ അനുഗ്രഹിക്കാന്‍ വന്നവര്‍... ഇവിടെയുള്ള എല്ലാവരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരും എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുമാണ്; ബന്ധുക്കളാണെങ്കിലും മിത്രങ്ങളാണെങ്കിലും! എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി,' ആശ പറഞ്ഞു.
ഏറെ വൈകാരികമായാണ് മൂത്തമകള്‍ ഉത്തര സംസാരിച്ചത്. 'ഞാനിന്ന് വളരെ ഇമോഷനലായി. എല്ലാവരും ചോദിക്കുന്നുണ്ട്, എന്തിനാണ് ഇത്രയും ഇമോഷനല്‍ ആകുന്നത് എന്ന്. പക്ഷേ, ഞാനും അമ്മുവും (കീര്‍ത്തന) രണ്ടു ശരീരത്തിലുള്ള ഒരു ആത്മാവാണ്. അവള്‍ എന്റെ സഹോദരി മാത്രമല്ല, എനിക്ക് എല്ലാമെല്ലാമാണ്,' ഉത്തര പറഞ്ഞു.
വരുന്ന ഡിസംബര്‍ ആറിനാണ് കീര്‍ത്തനയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ചടങ്ങില്‍ വിവാഹ തീയതി സദസ്സില്‍ വായിച്ചപ്പോള്‍ ആശാ ശരത്തിന്റെ ഭര്‍ത്താവ് ശരത്തിന് ഒരു നാക്കുപിഴ പറ്റി. 2026 ഡിസംബര്‍ എന്നതിന് പകരം ശരത് വായിച്ചത് 2028 എന്നായിരുന്നു. ഉടന്‍ തന്നെ വേദിയില്‍ വെച്ച് ആശ ഭര്‍ത്താവിന്റെ തെറ്റ് തിരുത്തുകയും ചെയ്തു. ഇതോടെ സദസ്സിലാകെ ചിരി പടര്‍ന്നു.
താരപ്പൊലിമ കൊണ്ട് ശ്രദ്ധേയമായിരുന്നു വിവാഹനിശ്ചയ ചടങ്ങ്. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, ഭാര്യ രാധിക സുരേഷ് ഗോപി, നടന്മാരായ ജയറാം, ദിലീപ്, വിനീത്, സിദ്ദീഖ്, ലാല്‍, ദേവന്‍, രഞ്ജി പണിക്കര്‍, സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, നടി വിന്ദുജ മേനോന്‍ തുടങ്ങി സിനിമ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആശാ ശരത്തിന്റെ മകളെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു.