മലയാളികളുടെ പ്രിയ താരം ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹ നിശ്ചയം ഒക്ടോബര്‍ 23 ഞായറാഴ്ചയായിരുന്നു.കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാലോകത്തു നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയന്‍, വിനീത്, ജയരാജ്, രഞ്ജി പണിക്കര്‍, ഇടവേള ബാബു, മേജര്‍ രവി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. വിവാഹനിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ആശ ശരത്.
പുതിയ ജീവിതത്തിലേക്ക് ചേക്കേറാനായി കിളിക്ക് കൂടുവിട്ട് ആകാശത്തേക്ക് പറന്നുയരാനുള്ള സമയമായിരിക്കുന്നു.എന്റെ പങ്കു ചിറകുകള്‍ വിടര്‍ത്തി പുതിയ കൂട്ടിലേക്കുള്ള യാത്ര തുടങ്ങുന്നു. അവളുടെ വിവാഹ നിശ്ചയത്തിന്റെ ഈ സന്തോഷകരമായ നിമിഷം ഞാന്‍ എന്റെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും പങ്കിടാന്‍ ആഗ്രഹിക്കുന്നു.''-വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ച് ആശ ശരത് കുറിച്ചു...
ആദിത്യനാണ് ഉത്തരയുടെ വരന്‍. മുംബൈ സ്വദേശികളായ സച്ചിന്‍ മേനോന്റെയും അനിത മേനോന്റെയും മകനാണ് ആദിത്യ. എല്‍എല്‍ബി, സിഎ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആദിത്യ ഇപ്പോള്‍ കെ.പി.എം.ജിയില്‍ ജോലി ചെയ്യുന്നു..അനിരുദ്ധ് എന്നൊരു സഹോദരന്‍ കൂടി ആദിത്യനുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ച് 18 നാണു വിവാഹം...
മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഖെദ്ദ' യാണ് ഉത്തരയുടെ ആദ്യ ചിത്രം.
മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ സംവിധായകന്‍ മനോജ് കാനയാണ് ഉത്തരയുടെ അരങ്ങേറ്റ ചിത്രമായ 'ഖെദ്ദ' ഒരുക്കുന്നത്.
കീര്‍ത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകള്‍. കാനഡയിലെ വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നും സിന്തറ്റിക് ബയോളജി.യിലാണ് കീര്‍ത്തന ബിരുദം നേടിയിരിക്കുന്നത്.