ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ജനശ്രദ്ധ നേടിയ ഡോ. റോബിന്‍ രാധാകൃഷ്ണനും ഭാര്യയും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയും മാതാപിതാക്കളെക്കുറിച്ചുള്ള തങ്ങളുടെ തമാശ നിറഞ്ഞ സംഭാഷണത്തിലൂടെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മാതാപിതാക്കള്‍ക്ക് തങ്ങളോടുള്ള സ്‌നേഹത്തെക്കുറിച്ച് ഇരുവരും നടത്തിയ പരാമര്‍ശങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആരതി പൊടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോ. റോബിന്റെ മാതാപിതാക്കള്‍ക്ക് അദ്ദേഹത്തോടാണ് ഏറ്റവുമധികം സ്‌നേഹമെങ്കിലും, റോബിന്‍ കരുതുന്നത് അവര്‍ക്ക് സഹോദരിയോടാണ് കൂടുതല്‍ സ്‌നേഹമെന്നാണ്. സമാനമായി, തനിക്ക് മാതാപിതാക്കളോട് വലിയ സ്‌നേഹമുണ്ടെങ്കിലും, തനിക്ക് തോന്നാറുള്ളത് അവര്‍ക്ക് സഹോദരിയോടാണ് കൂടുതല്‍ സ്‌നേഹം എന്നാണ്. 'നമുക്ക് ആരുമില്ല, നമ്മള്‍ അനാഥരാണ്, നമുക്ക് നമ്മളേ ഉള്ളൂ' എന്ന് താനും റോബിനും പരസ്പരം തമാശയായി പറയാറുണ്ടെന്നും ആരതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, മാതാപിതാക്കളുടെ സ്‌നേഹത്തെക്കുറിച്ചുള്ള ഇരുവരുടെയും രസകരമായ കാഴ്ചപ്പാടുകള്‍ക്ക് നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരണവുമായെത്തിയത്. 'നിങ്ങള്‍ അനാഥരല്ല ഞങ്ങളുണ്ട്', 'നിങ്ങളുടെ അതേ ചിന്ത എല്ലാവര്‍ക്കുമുണ്ടാകാറുണ്ട്' തുടങ്ങിയ കമന്റുകളാണ് ഏറെയും.