സംവിധായകനും നിര്‍മാതാവും നടനുമായ അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന് ആഷിഖ് അബു ഒരുക്കുന്ന 'റൈഫിള്‍ ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് കശ്യപ് ചുവടുമാറ്റത്തിനൊരുങ്ങുന്നത്. ഈ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവന്നു.
താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ആരാധകരുമായി പങ്കുവച്ചത്. ഒരു നടനെന്ന നിലയില്‍ എന്റെ ആദ്യ മലയാളം ചിത്രം ആഷിഖ് അബുവിനൊപ്പം പ്രഖ്യാപിക്കുന്നു. മലയാള സിനിമയുടെ ഗ്രേറ്റ് മൊമന്റിന്റെ ഭാഗമാകാന്‍ കാത്തിരിക്കുന്നു.
ദിലീഷ് പോത്തന്, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്ബ്.ശ്യാം പുഷ്കരന്-ദിലീഷ് കരുണാകരന്, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. തങ്കം എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിക് അബു- ശ്യാം പുഷ്കരന്- ദിലീഷ് കരുണാകരന് കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
റെക്സ് വിജയന് സംഗീതമൊരുക്കുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന് ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
നിര്‍മ്മാണം ആഷിഖ് അബു, വിന്‍സെന്റ് വടക്കന്‍, വിശാല്‍ വിന്‍സെന്റ് ടോണി,' ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കിട്ടുകൊണ്ട് അനുരാഗ് കശ്യപ് കുറിച്ചു.